ജീവനില്ലാതെ ജൽജീവൻ
text_fieldsകേളകം: മലയോരം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനക്ഷമമായില്ല. ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പേരാവൂർ നിയോജക മണ്ഡലത്തിലെ 47, 664 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തത്. കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയായ ജൽ ജീവൻ മിഷനിലൂടെ പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി നഗരസഭയിലും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, ആറളം, അയ്യൻക്കുന്ന്, പായം പഞ്ചായത്തുകളിലുമായി 47664 കുടുംബങ്ങൾക്ക് 560.41 കോടി രൂപ ചെലവിൽ വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് ലക്ഷ്യപ്രാപ്തിയിലെത്താൻ വൈകുന്നത്.
കഴിഞ്ഞ ഡിസംബറോടെ പദ്ധതി പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ കേരളത്തിൽ ജല അതോറിറ്റി മുഖേന നടപ്പിലാക്കുന്ന പ്രവർത്തികളുടെ അവലോകന യോഗത്തിൽ 2024 ഡിസംബറിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് പുതിയ വിശദീകരണം. പദ്ധതി പ്രകാരം ഇരിട്ടി നഗരസഭയിൽ 10,450 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭ്യമാകുക.
94.18 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഈ പദ്ധതിക്കായി ഒന്നാം ഘട്ടത്തിൽ 76.6 6 കോടി രൂപ മുടക്കി പഴശ്ശി അണക്കെട്ടിൽ കിണർ പമ്പിങ് സ്റ്റേഷൻ, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ കുന്നിലും, കൊതേരിയിലുമായി 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകൾ, ടാങ്കുകളിലേക്ക് പൈപ്പ് ലൈൻ എന്നിവ മുമ്പ് പൂർത്തീകരിച്ചതാണ്. കേന്ദ്രസർക്കാറിന്റെ 50 ശതമാനവും അതത് സംസ്ഥാന സർക്കാറിന്റെ 25 ശതമാനവും തദ്ദേശ സ്ഥാപനങ്ങളുടെ 15 ശതമാനവും ഇതിലെ ഗുണഭോക്തൃ വിഹിതം 10 ശതമാനവുമാണ്. മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കുമുള്ള പദ്ധതിയായതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാക്രമത്തിൽ കണക്ഷൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.