കണ്ണൂർ: മാവോവാദി സാന്നിധ്യം; വീണ്ടും ആകാശനിരീക്ഷണം
text_fieldsകേളകം: ജില്ലയിൽ മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. മാവോവാദികളെ കണ്ടെത്താൻ മലയോര മേഖലയിൽ ഹെലികോപ്ടർ എത്തുന്നത് ഇത് രണ്ടാം തവണയാണ്. ആറളം, കൊട്ടിയൂർ വനമേഖലകളിൽ ഇരിട്ടി എ.എസ്.പി തപോഷ് ബസുമതാരി, പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ആകാശ നിരീക്ഷണം.
വനമേഖലകളിലും മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളിലും ആറളം ഫാമിലും ബുധനാഴ്ച ഹെലികോപ്ടർ നിരീക്ഷണം നടത്തി.മാനന്തവാടി -തലപ്പുഴ കമ്പ മലയിൽ വനവികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് അടിച്ചു തകർക്കുകയും നിരന്തര സാന്നിധ്യം സ്ഥിരീകരിക്കപ്പെടുകയും ചെയ്തതോടെയാണ് മാവോവാദികളെ പിടികൂടാനുള്ള പൊലീസ് നടപടി ശക്തമാക്കിയത്.
ഡ്രോൺ പരിശോധനകളും വാഹന പരിശോധനകളും ആരംഭിച്ചതിനു പിന്നാലെയാണ് വ്യോമ നിരീക്ഷണത്തിന് ഹെലികോപ്ടർ ഏർപ്പെടുത്തിയത്. ആറളം, കേളകം പൊലീസ് സ്റ്റേഷൻ പരിധികളിലും മാവോവാദികളുടെ സഞ്ചാര പാതയെന്നറിയപ്പെടുന്ന കൊട്ടിയൂർ, ആറളം വനമേഖലകളിലും ബുധനാഴ്ച രാവിലെ പത്തോടെയാണ് ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്.
പൊലീസ് നടപടി ശക്തമാക്കിയതോടെ വയനാട് തലപ്പുഴ -കമ്പ മല പ്രദേശങ്ങളിൽ തമ്പടിച്ചിരുന്ന മാവോവാദികൾ ആറളം, കൊട്ടിയൂർ മേഖലകളിലേക്ക് കടക്കാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. ഇത് മുൻനിർത്തി മേഖലയിൽ പ്രത്യേകം പരിശീലനം നേടിയ തണ്ടർ ബോൾട്ട് സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മാവോവാദികൾ സന്ദർശിച്ച കോളനികളിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. മാവോവാദികൾ പ്രകടനം നടത്തിയ ആറളം -വിയറ്റ്നാം കോളനി, കൊട്ടിയൂർ -അമ്പായത്തോട് പ്രദേശങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തി. അഴീക്കോട് നിന്നെത്തിച്ച ഹെലികോപ്ടറിലാണ് വ്യോമ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.