പരിസ്ഥിതി ലോല മേഖല; പുതിയ ഒരു മാപ്പുകൂടി പ്രസിദ്ധപ്പെടുത്തി
text_fieldsകേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഒരു മാപ് കൂടി പ്രസിദ്ധപ്പെടുത്തി. കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് മുമ്പ് രണ്ടുതരം മാപ്പുകൾ പുറത്തുവിട്ടുകൊണ്ട് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന കർഷക സംഘടനകളുടെ ആരോപണത്തെത്തുടർന്ന് മാപ്പുകളിൽ സർക്കാർ വ്യക്തത വരുത്തി പുതിയ മാപ് തയാറാക്കി പരാതിക്കാർക്ക് നൽകി.
കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ വില്ലേജിൽ വില്ലേജ് അതിർത്തിയും പരിസ്ഥിതി ലോല മേഖല അതിർത്തിയും വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ വില്ലേജ് അതിർത്തി ചുവന്ന കളറിലും പരിസ്ഥിത ലോല മേഖല അതിർത്തി മഞ്ഞ കളറിലും മാർക്ക് ചെയ്തിട്ടുള്ള മാപ്പുകൾ പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് പരിസ്ഥിതി വകുപ്പ് ഡയറക്ടർ കൈമാറി.
അതോടൊപ്പം പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ മുമ്പ് അപ്ലോഡ് ചെയ്ത മാപ്പിലും വില്ലേജ് അതിർത്തിയും, കൊട്ടിയൂരിന്റെ കാര്യത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് പ്രസിദ്ധപ്പെടുത്തിയ രണ്ട് മാപ്പുകൾ പ്രകാരം കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയിൽ ജില്ലയിലെ കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെട്ടതായി ആശങ്ക ഉടലെടുത്തതോടെയാണ് വ്യക്തത വരുത്തണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയത്.
തുടർന്നാണ് പരിസ്ഥിതി ലോല മേഖലയും, വില്ലേജ് അതിർത്തിയും വ്യക്തമാവുന്ന മാപ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന മാപ് പ്രകാരം കേരളത്തിലെ 131 മലയോര വില്ലേജുകളും, ഇതിലെ മുഴുവൻ ജനവാസ കേന്ദ്രങ്ങളും ഉൾപ്പെട്ടതായി ആശങ്കയുണ്ടാവും വിധം രണ്ടു അവ്യക്ത മാപ്പുകളാണ് രണ്ടുഘട്ടമായി സർക്കാർ പ്രസിദ്ധപ്പെടുത്തിയിരുന്നത്.
ഇതിൽ ആദ്യത്തേതിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ ഏതു മാപ്പാണ് കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നതെന്ന് വ്യക്തമായില്ല. തുടർന്നാണ് വ്യക്തത ആവശ്യപ്പെട്ട് പരാതിയുമായി കർഷക സംഘടനയായ കിഫയും, ജനപ്രതിനിധികളും രംഗത്തെത്തിയത്.
നിലവിൽ കൊട്ടിയൂർ വില്ലേജിലെ പ്രശ്നത്തിന് പരിഹാരമായെങ്കിലും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ട മറ്റ് 130 വില്ലേജുകളിലും അവ്യക്തത തുടരുകയാണ്. കൊട്ടിയൂർ വില്ലേജിന്റെ കാര്യത്തിൽ ചെയ്തതുപോലെ പരിസ്ഥിതി ലോല മേഖല അതിർത്തിയും വില്ലജ് അതിർത്തിയും കൃത്യമായ മനസ്സിലാകുന്ന തരത്തിൽ ഓരോ വില്ലേജിന്റെയും ഫയലുകൾ അതാത് പഞ്ചായത്തുകൾക്ക് അയച്ചുകൊടുത്ത് പൊതുജനങ്ങൾക്ക് അവ പരിശോധിക്കാൻ അവസരം നൽകിയതിനുശേഷം മാത്രമേ അന്തിമ റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിക്കാവൂ എന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സർക്കാറിന്റെ ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കിഫയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.