കസ്തൂരി രംഗൻ റിപ്പോർട്ട്; ജനവാസ മേഖലകൾ ഉൾപ്പെട്ടതിൽ ജനരോഷം
text_fieldsകേളകം: കസ്തൂരി രംഗൻ റിപ്പോർട്ടിലെ പുതിയ വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടതിൽ ജനരോഷം ശക്തമാകുന്നു.
പുതിയ ഇ.എസ്.എ മാപ്പ് സർക്കാറിന്റെ ഇരട്ടത്താപ്പാണെന്നും തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കേരള ഇൻഡിപെന്ഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി അറിയിച്ചു.
സർക്കാർ പുതുതായി പുറത്തുവിട്ടിരിക്കുന്ന ഇരട്ട ഇ.എസ്.എ മാപ്പിൽ ആദ്യത്തേതിൽ ഇ.എസ്.എ വില്ലേജ് പൂർണമായും രണ്ടാമത്തേതിൽ വനാതിർത്തി ഉൾപ്പെടുന്ന പ്രദേശങ്ങളുമാണ് മാർക്ക് ചെയ്തിരിക്കുന്നത്. ഇ.എസ്.എ വില്ലേജുകൾ മുഴുവനായി ഉൾപ്പെടുന്ന മാപ്പ് മാത്രമേ കേന്ദ്ര ഗവൺമെന്റ് അംഗീകരിക്കൂ എന്നാണ് വിശദീകരണം. ആദ്യത്തെ മാപ്പ് പ്രകാരം കൊട്ടിയൂർ വില്ലേജ് പൂർണമായും, രണ്ടാമത്തെ മാപ്പിൽ കേളകം വില്ലേജിലെ ചീങ്കണ്ണി പുഴയോര പ്രദേശങ്ങളും, കൊട്ടിയൂർ വില്ലേജിലെ പാലുകാച്ചി പന്നിയാമല ഭാഗത്തെ ജനവാസ കേന്ദ്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
നോട്ടിഫിക്കേഷൻ പ്രകാരമുള്ള മുൻപത്തെ മാപ്പിൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ കൊട്ടിയൂർ പഞ്ചായത്ത് വീണ്ടും ഈ പ്രദേശങ്ങളിൽ സർവേ നടപടികൾ ചെയ്ത് ഭേദഗതികൾക്കായി അയച്ചു കൊടുത്തിരുന്നു. എന്നാൽ തിരുത്തലുകൾ വരുത്താതെ ഈ പ്രദേശങ്ങളിലെ കർഷകരെ വലിയ രീതിയിൽ ആശങ്കാകുലരാക്കുന്ന മാപ്പുകൾ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നതിലൂടെ സർക്കാർ നയം ദുരുദ്ദേശപരമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കിഫ കണ്ണൂർ ജില്ല കമ്മിറ്റി ആരോപിച്ചു.
ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി ഇക്കോളജി സെൻസിറ്റിവ് സോൺ പ്രഖ്യാപിച്ചില്ലെങ്കിൽ ഈ മേഖലകളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് കിഫ ജില്ല പ്രസിഡന്റ് പ്രിൻസ് ദേവസ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.