തോമസിന്റെ ഏദൻതോട്ടത്തിൽ ഫലവൃക്ഷങ്ങളിൽ വിളവെടുപ്പ് കാലം
text_fieldsകേളകം: വിദേശികളും നാടനുമായി നൂറോളം ഇനം പഴങ്ങള്‍ വിളയുന്ന ഒരു നാടൻ തോട്ടമുണ്ട് കേളകം അടക്കാത്തോട്ടില്‍. ഇതുവരെ പേരുകേള്‍ക്കാത്ത വിദേശ പഴങ്ങള്‍വരെ പടിയക്കണ്ടത്തില്‍ തോമസിന്റെ തോട്ടത്തില്‍ വിളയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിടുന്നു.
ജമൈക്കയുടെ ദേശീയ പഴമായ അക്കി, കൂടുതൽ കഴിച്ചാൽ മത്തുപിടിക്കുന്ന ആഫ്രിക്കൻ ഇനമായ സാന്റോൾ, സെൻട്രൽ അമേരിക്കയിൽനിന്നുള്ള പീനട്ട്, ലാങ്ഷെഡ്, കിലോക്ക് 1500 രൂപയോളം വിലവരുന്ന മലേഷ്യയിൽനിന്നുള്ള ഡ്യൂരിയൻ, കൊക്കകോളയുടെ ചുവയുള്ള ആഫ്രിക്കൻ ഇനമായ കോളാനട്ട്, മ്യാൻമറിൽനിന്നുള്ള ബെർമീസ് മുന്തിരി, തായ്ലൻഡ് ഇനങ്ങളായ ബിയർ രുചിയുള്ള ബിയർ ആപ്പിൾ, ലോഗൻ, ബറോവ, ഫിലോസാൻ, ചെസ്നട്ട് തുടങ്ങി കായ്ക്കുന്നവയും കായ്ക്കാൻ തുടങ്ങാത്തതുമായി നിരവധിയാണ് തോമസിന്റെ തോട്ടത്തിൽ വിളയുന്ന വിദേശികൾ.
കർണാടകയിൽനിന്ന് കൊണ്ടുവന്ന കോഗം രണ്ടു തരമുണ്ട്-ചുവപ്പും മഞ്ഞയും. ഇതിൽ മഞ്ഞ കുടജാദ്രി കാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്. കാട്ടിൽ ചൂരൽ ശേഖരിക്കാൻ പോയവരിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ഞ കോഗം ശേഖരിച്ചത്. മെക്സിക്കൻ ചാമ്പ, ബാങ്കോക്ക് ചാമ്പ, റോസ് ആപ്പിൾ, വെളുത്ത കായ്കളുള്ള വെള്ളച്ചാമ്പ, പച്ചനിറമുള്ള കായ്കളുള്ളവ, മാതളനാരങ്ങയുടെ രൂപത്തിലുള്ള പൊമഗ്രനേറ്റ് ചാമ്പ എന്നിങ്ങനെ വിദേശികൾ മാത്രം 11 ഇനങ്ങളുണ്ട്. അവക്കാഡോ എന്നറിയപ്പെടുന്ന അഞ്ചിനം വെണ്ണപ്പഴങ്ങളും മൂന്നുതരം മുട്ടപ്പഴങ്ങളും മുള്ളാത്തയും മരമുന്തിരിയുമെല്ലാമുണ്ട് ചീങ്കണ്ണിപ്പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ഈ പഴത്തോട്ടത്തിൽ.
പഴങ്ങൾ മാത്രമല്ല 18 തരം മുളകളും 17 തരം ജാതിയും ഇദ്ദേഹത്തിനുണ്ട്. വള്ളം ഊന്നാനുപയോഗിക്കുന്ന ലാത്തിമുള, കരിമുള, മോങ്കി, തോട്ടിമുള, ആനമുള എന്നിങ്ങനെയാണവ. ജാതികളിൽ വ്യത്യസ്ത ഇനം നോവാ ജാതിയാണ്. ഒന്നിൽ തന്നെ ഒന്നിലധികം ഇനങ്ങൾ ചേർത്ത് ബഡിങ് രീതിയും പരീക്ഷിക്കുന്നു. ഓരോ സീസണിലും കൃഷിഭവനുകളുടേയും മറ്റും നേതൃത്വത്തിൽ ഒട്ടേറെപ്പേർ തോമസിന്റെ തോട്ടം സന്ദർശിക്കാനെത്തുണ്ട്.
കൃഷിഭവന്റെ മികച്ച കർഷകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ഭാര്യ പ്രിൻസിയും മക്കൾ ജോയൽ, ജോത്സന, ജൊഹാൻ എന്നിവരും തോമസിന് പിന്തുണയുമായി കൃഷിയിടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.