കൊട്ടിയൂർ ചപ്പമല ജനവാസ മേഖലയിൽ കടുവക്കൂട്ടം?
text_fieldsകേളകം: കൊട്ടിയൂർ ചപ്പമലയിലെ ജനവാസ മേഖലയിൽ മൂന്ന് കടുവകളെ കണ്ടതായി നാട്ടുകാർ. സ്ഥലവാസിയായ പിച്ചാത്തി കല്ലുങ്കൽ കാഞ്ചനയാണ് മൂന്ന് കടുവകളെ പട്ടാപ്പകൽ നേരിൽ കണ്ടത്. റോഡിലൂടെ നടന്നുവരുമ്പോൾ ചപ്പമല 37ാം മൈൽ കോൺക്രീറ്റ് റോഡിൽനിന്നും വലുതും ചെറുതുമായ മൂന്ന് കടുവകൾ പോകുന്നത് കണ്ടതായി കാഞ്ചന പറഞ്ഞു. കടുവകളിലൊന്ന് തന്റെ നേരെ തുറിച്ചുനോക്കിയപ്പോൾ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും തുടർന്ന് മറ്റുള്ളവരെ അറിയിക്കുകയായിരുന്നെന്നും കടുവയെ കൺമുമ്പിൽ കണ്ടതിന്റെ ഞെട്ടൽ മാറാത്ത കാഞ്ചന പറഞ്ഞു.
പാലക്കൽ ജോയിയുടെ കൃഷിയിടത്തിൽ കടുവകളെ കണ്ടതായി നാട്ടുകാരും പറഞ്ഞു. നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും അറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകരും പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പരിശോധന നടത്തി. വനം വകുപ്പും പഞ്ചായത്ത് അധികൃതരും നടത്തിയ നിരീക്ഷണത്തിൽ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപാടുകളും അവശിഷ്ടങ്ങളും കണ്ടെത്തി. സ്ഥലത്ത് വനപാലകരുടെ നിരീക്ഷണം ഏർപ്പെടുത്തി. നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് അറിയിച്ചു. മുമ്പും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും കാട്ടിലുള്ളതിലേറെ വന്യമൃഗങ്ങൾ ചപ്പമല ജനവാസ കേന്ദ്രത്തിൽ വിഹരിക്കുന്നതായും ഇവയുടെ ഭീഷണിയിൽനിന്ന് രക്ഷപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്ഥലത്ത് കണ്ടെത്തിയ അടയാളങ്ങൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കടുവയോ, അല്ലെങ്കിൽ പുലിയോ ആകാമെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. സ്ഥലത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.