പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത അറ്റകുറ്റപ്പണി തുടങ്ങി
text_fieldsകേളകം: പ്രളയത്തിൽ തകർന്ന കൊട്ടിയൂർ -പാൽചുരം -വയനാട് ചുരം പാത അറ്റകുറ്റപ്പണി ദ്രുതഗതിയിൽ തുടങ്ങി. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണിക്കായി സർക്കാർ അനുവദിച്ചത്. കണ്ണൂർ- കാസർകോട് ജില്ലകളെ വയനാടുമായും തമിഴ്നാടുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽചുരം മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡ് തകർന്ന് ഗതാഗതം ദുസ്സഹമാവുകയും അപകടം പതിവാകുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെ തുടർന്നാണ് സർക്കാർ 69.1 ലക്ഷം അനുവദിച്ചത്. പാതയുടെ പുനർനിർമാണം രണ്ടാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 മുതൽ പാതയിലെ ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചുരം റോഡ് താൽക്കാലികമായി ഗതാഗതയോഗ്യമാക്കുന്നതിനായാണ് 69.10 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുന്നതെങ്കിലും വിമാനത്താവള പാത എന്ന നിലയിൽ പാതയുടെ സമഗ്രവികസനം കിഫ്ബി ഫണ്ട് ഉപയോഗിച്ചും നടപ്പാക്കാൻ പദ്ധതിയുണ്ട്.
കണ്ണൂർ വിമാനത്താവള പാക്കേജില്‍ ഉള്‍പ്പെടുത്തി മാനന്തവാടി, ബോയ്സ് ടൗണ്‍, പേരാവൂര്‍, ശിവപുരം, മട്ടന്നൂര്‍ റോഡിന്റെ ഭാഗമായാണ് പാൽചുരം ബോയ്സ് ടൗണ്‍ റോഡിന്റെ പ്രവൃത്തി തീരുമാനിച്ചിരിക്കുന്നത്. റോഡിന്റെ അലൈൻമെന്റ്, വിശദമായ പ്രോജക്ട് റിപ്പോർട്ട്, എൻജിനീയറിങ് ഡിസൈൻ എന്നിവ തയാറാക്കുന്നതിനായി കണ്‍സൽട്ടന്‍സിയെ ചുമതലപ്പെടുത്തുകയും അലൈൻമെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായശേഷം തുടർ നടപടികൾ നടത്താനുമാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.