ചോതി വിളക്ക് തെളിഞ്ഞു; കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം
text_fieldsകൊട്ടിയൂർ (കണ്ണൂർ): കൊട്ടിയൂരിൽ ഭക്തിസാന്ദ്ര ചടങ്ങുകളോടെ പെരുമാൾ സ്വയംഭൂവിൽ നെയ്യഭിഷേകം നടന്നു. അക്കരെ കൊട്ടിയൂരിൽ നടന്ന നെയ്യാട്ടത്തിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.
മുതിരേരി ക്ഷേത്രത്തിൽ നിന്ന് സ്ഥാനിക ബ്രാഹ്മണൻ മൂഴിയോട്ട് ഇല്ലത്തെ സുരേഷ് നമ്പൂതിരി കാനനപാതകൾ താണ്ടി മുതിരേരി വാൾ ഞായറാഴ്ച വൈകീട്ടോടെ ഇക്കരെ സന്നിധിയിൽ എഴുന്നെള്ളിച്ചെത്തിച്ചു. വാൾ ഇക്കരെ ക്ഷേത്രസന്നിധിയിൽ എത്തിയയുടൻ നെയ്യമൃത് വ്രതക്കാർ അക്കരെ പ്രവേശിച്ചു. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടൻ വാരിയർ, നമ്പീശൻ എന്നീ സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ വിളക്കുവെച്ചു.
ചോതിവിളക്കിൽനിന്ന് നാളം പകർന്ന് മറ്റു വിളക്കുകൾ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പിൽ തീകൂട്ടുകയും ചെയ്തു. തുടർന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു. അതിനുശേഷം സ്ഥാനിക ബ്രാഹ്മണർ ചേർന്ന് അഷ്ടബന്ധം നീക്കിയശേഷം സ്വയം ഭൂനാളം ആചാരപ്പെരുമയോടെ തുറന്നു. തുടർന്ന് നെയ്യഭിഷേകം തുടങ്ങി.
നെയ്യമൃത് മഠങ്ങളിൽനിന്നുള്ള വ്രതക്കാർ തിരുവഞ്ചിറയിൽ അഭിഷേക മുഹൂർത്തത്തിനായി കാത്തിരുന്നു. തുടർന്ന് നെയ്യാട്ടത്തിന് മൂഹുർത്തമറിയിച്ച് രാശി വിളിച്ചു. നെയ്യ്മൃത് വ്രതക്കാരിൽനിന്ന് നെയ്കുംഭങ്ങൾ തൃക്കടാരി സ്ഥാനികൻ ഏറ്റുവാങ്ങി വായ്‌പ്പൊതി നീക്കി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിപ്പാടിനെ ഏൽപിച്ചു. ഉഷകാമ്പ്രം നമ്പൂതിരി ആദ്യാവകാശിയായ വില്ലിപ്പാലൻ കുറുപ്പിന്റെ നെയ്യ് അഭിഷേകം ചെയ്തതിനുശേഷം തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യ് അഭിഷേകം ചെയ്തു.
ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് തിങ്കളാഴ്ച അർധരാത്രിയോടെ അക്കരെ സന്നിധാനത്തെത്തും. ഭണ്ഡാര ഘോഷയാത്ര അക്കരെ കൊട്ടിയൂരിൽ എത്തുന്നതോടെ സ്ത്രീ ഭക്തർക്കും പ്രവേശനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.