കൊട്ടിയൂർ മഹോത്സവം: ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളുമെത്തി
text_fieldsകേളകം: മണത്തണ കരിമ്പന ഗോപുരത്തിൽനിന്നും ഭണ്ഡാര ഘോഷയാത്ര ഉത്സവ നഗരിയിലെത്തിയതോടെ കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ വൈശാഖ മഹോത്സവ നിത്യ പൂജകൾക്ക് തുടക്കമായി.
മണത്തണ കരിമ്പന ഗോപുരത്തിലെ നിലവറകളിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും എഴുന്നള്ളിച്ചുള്ള ഘോഷയാത്രയെ നൂറുകണക്കിന് ഭക്തർ അനുഗമിച്ചു. സർവാഭരണ വിഭൂഷിതനായ കൊട്ടിയൂർ പെരുമാളിനെ വണങ്ങാനായി ഭണ്ഡാര ഘോഷയാത്രയെ അനുഗമിച്ച് ഭക്തജനാവലി ഉത്സവ നഗരിയിലെത്തി.
അർധ രാത്രി ഭണ്ഡാര ഘോഷയാത്ര ഉത്സവ നഗരിയിലെത്തിയതോടെ സ്ത്രീകൾക്കും ഉത്സവ നഗരിയിലേക്ക് പ്രവേശനമായി. വൈശാഘോത്സവ നിത്യ പൂജകൾ തുടങ്ങിയതോടെ കൊട്ടിയൂരിൽ ഇനി തിരക്കിന്റെ നാളുകളാണ്.
തിരക്ക് നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഭണ്ഡാര ഘോഷയാത്ര മണത്തണയിൽനിന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
പുരാതന ക്ഷേത്ര നഗരിയായി മണത്തണയിലെ കരിമ്പന ഗോപുരത്തിലെ നിലവറകളിൽ സൂക്ഷിച്ചിരുന്ന കനക രജത തിരുവാഭരണങ്ങളും സ്വർണ, വെള്ളി പാത്രങ്ങളും പൂജാ സാമഗ്രികളും ഭണ്ഡാരങ്ങളും പുറത്തെടുത്ത് അവ കൊട്ടിയൂരിലെത്തിക്കാൻ അവകാശികൾക്ക് കൈമാറിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പന്ത്രണ്ട് കിലോ മീറ്റർ അകലെയുള്ള കൊട്ടിയൂരിനെ ലക്ഷ്യമാക്കി ഘോഷയാത്ര പുറപ്പെടുമ്പോൾ മണത്തണ പ്രദേശം ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. ഭണ്ഡാര ഘോഷയാത്ര കടന്ന്പോയ വഴികളിൽ നിരവധി ഭക്തർ ഘോഷയാത്ര ദർശിക്കാൻ തൊഴുകൈകളോടെ കാത്തുനിന്നിരുന്നു. ഘോഷയാത്രക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ഭണ്ഡാര ഘോഷയാത്ര എത്തിയതോടെ പെരുമാൾ സന്നിധിയും കൊട്ടിയൂർ ഗ്രാമവും ഉത്സവ ലഹരിയിലായി. ഇനിയുള്ള ദിനങ്ങൾ പെരുമാൾ സന്നിധി ഹരിഗോവിന്ദ കീർത്തനത്താൽ മുഖരിതമാവും.
അമ്മാറയ്ക്കൽ കുട എഴുന്നള്ളത്ത്
കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്ത് നടന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയകുടകളാണ് കൊട്ടിയൂരിലെത്തിച്ചത്. ഊരാളന്മാർക്കും അടിയന്തരക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കുടകളും നിർമിച്ചു. 14 തലക്കുടയും 16 കാൽക്കുടയുമാണ് നിർമിച്ചത്. ഇവ ഭണ്ഡാരമെഴുന്നള്ളത്തിനൊപ്പം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.