കൊട്ടിയൂർ വയനാട് ചുരം പാതയും തകർച്ച ഭീഷണിയിൽ
text_fieldsകേളകം: വയനാടിന്റെ മണ്ണിൽ രക്ഷാപ്രവർത്തനത്തിന് മറ്റ് ജില്ലകളിൽ നിന്ന് അതിവേഗം സഹായങ്ങൾ എത്തിക്കാൻ മികച്ച റോഡുകളുടെ അഭാവം ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ് മുണ്ടക്കൈ ദുരന്തം. കണ്ണൂർ സൈനിക ക്യാമ്പിൽ നിന്ന് കരസേന യൂനിറ്റിനും ഏഴിമല നാവിക അക്കാദമിയിൽ നിന്ന് നാവികസേനക്കും കണ്ണൂർ എയർപോർട്ട് അനുബന്ധിച്ചുള്ള സ്പെഷൽ ഫോഴ്സിനും കണ്ണൂർ ജില്ല ആസ്ഥാനത്തു നിന്ന് പൊലീസ് അഗ്നിശമന സേനക്കും മംഗലാപുരം മുതലുള്ള മെഡിക്കൽ ടീമിനും വയനാട് ജില്ലയിൻ ഏറ്റവും എളുപ്പത്തിൽ എത്തിചേരാൻ കഴിയുന്ന റോഡാണ് കണ്ണൂർ ജില്ല ആസ്ഥാനത്തു നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂർ നിന്നും കൊട്ടിയൂർ വഴി മാനന്തവാടിക്കുള്ള റോഡ്.
വടക്കേ വയനാടിന്റെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന തലശ്ശേരിയിൽ നിന്ന് കൊട്ടിയൂർ വഴി മാനന്തവാടിയിലെത്താൻ എളുപ്പം കഴിയുന്ന ഈ അന്തർ സംസ്ഥാന പാതയുടെ വികസനം ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഇത്തരം ദുരന്തമുഖങ്ങളിലാണ്. പ്രസ്തുത റോഡ് വിമാനത്താവള നാലുവരിപാതയാക്കുമെന്ന് പ്രഖ്യാപനം വന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇന്നും എവിടെയുമെത്താതെ നിൽക്കുന്നു. മൈസൂരുവിൽ നിന്ന് മാനന്തവാടിക്ക് വരുന്ന നിർദിഷ്ട ദേശീയപാതയോടനുബന്ധിച്ച് തലപ്പുഴ 44-ാം മൈൽ കൊട്ടിയൂർ അമ്പായത്തോട് ചുരമില്ല ബദൽ പാത ഏറ്റെടുത്ത് ദേശീയ പാത വികസിപ്പിക്കണമെന്ന് ദേശീയപാത അതോറിറ്റിക്കും മുഖ്യമന്ത്രിക്കും മൈസൂർ - മാനന്തവാടി- കണ്ണൂർ എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മറ്റി നിവേദനങ്ങൾ നൽകിയിരുന്നു. ബംഗളൂരു, മൈസൂരു, മെട്രോ നഗരങ്ങളിൽ നിന്നും മംഗലാപുരം, കാസർകോട്, കണ്ണൂർ ഭാഗത്തുനിന്നും വയനാട്ടിലേക്ക് അതിവേഗം എത്തിച്ചേരാൻ കഴിയുന്ന ഈ റോഡിന്റെ സമയബന്ധിതമായ വികസനം അടിയന്തര പരിഗണന നൽകി ത്വരിതഗതിയിൽ ഏറ്റെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് മൈസൂർ മാനന്തവാടി കണ്ണൂർ എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
ചുരം രഹിത പാതക്കായി പലതവണ സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തി വഴി മുടങ്ങിയിട്ടുണ്ടെങ്കിലും അത്യാഹിത സാഹചര്യത്തിൽ വീണ്ടും നാട് ഒന്നടങ്കം ആവശ്യമുന്നയിക്കുകയാണ്. മുൻകാല പ്രളയകാലങ്ങളിൽ തകരാറുണ്ടായിരുന്ന കൊട്ടിയൂർ -പാൽ ചുരം പാത ഇന്നും വിള്ളലുകൾ വീണ് തകരാൻ സാധ്യത കൂടിയതിനാൽ ബദൽ പാത ആവശ്യം പ്രസക്തമാവുകയാണ്. എക്കാലവും തകർന്നടിഞ്ഞ് ചരിത്രമുള്ള പാൽ ചുരം പാത ഇക്കൊല്ലത്തെ പെരും മഴക്കാലത്ത് തകരാതിരുന്നത് കൊണ്ട് മാത്രമാണ് അത്യാവശ്യ യാത്രകൾക്കായി സേനകൾക്ക് ഉപകാരപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.