കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു
text_fieldsകേളകം: കൊട്ടിയൂർ - വയനാട് ചുരം പാതയുടെ നിർത്തിവെച്ച അറ്റകുറ്റ പ്രവൃത്തി പുനരാരംഭിച്ചു. നീണ്ട മുറവിളിക്ക് ശേഷം അമ്പായത്തോട്-പാൽച്ചുരം-ബോയ്സ് ടൗൺ റോഡിൽ നിർത്തിയ പ്രവൃത്തിയാണ് വീണ്ടും തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരും കരാറുകാരനും തൊഴിലാളികളും സ്ഥലത്തെത്തി.
മുമ്പ് പ്രവൃത്തി നടത്തിയ സ്ഥലങ്ങളിലെ കല്ലുകളും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നിലവിൽ ആരംഭിച്ചത്. ബുധനാഴ്ച മുതൽ റോഡിലെ കുഴികളിൽ ടാറിങ്ങും മെറ്റലും ഉപയോഗിച്ച് ലോക്ക് ചെയ്യുന്ന പ്രവൃത്തി ആരംഭിക്കും. റോഡിലെ കുഴികൾ പൂർണമായും അടച്ചശേഷം റോഡിലെ മറ്റു പ്രവൃത്തികൾ തുടങ്ങാനാണ് ശ്രമം. എന്നാൽ ഉച്ചക്ക് ശേഷം മഴയായതിനാൽ അതിരാവിലെ മുതൽ പ്രവൃത്തി തുടങ്ങണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ റോഡിലെ കുഴികൾ അടച്ച ശേഷം ടാറിങ് പ്രവൃത്തിയാണ് ആരംഭിക്കുക. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ ടാറിങ് പ്രവൃത്തിയോടൊപ്പം ഹെയർപിൻ വളവുകളിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തിയും നടത്തും. 85 ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ഏകദേശം 11 ലക്ഷം രൂപയുടെ പ്രവൃത്തി മാത്രമാണ് മഴക്ക് മുമ്പ് നടന്നിരുന്നത്. ബാക്കി മഴ കുറയുന്നതനുസരിച്ച് പൂർത്തീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രവൃത്തി നിർത്തി കരാറുകാരൻ മടങ്ങിയത്.
ഹെയർപിൻ വളവുകളിൽ ഇന്റർലോക്ക് ചെയ്യുന്ന സമയങ്ങളിൽ റോഡ് അടച്ചിട്ടായിരിക്കും പ്രവൃത്തി നടത്തുകയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചുരംപാത ഹിൽ ഹൈവേ പ്രോജക്ടിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 35.67 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.