കൊട്ടിയൂർ-വയനാട് ചുരം പാത; പ്രതീക്ഷയുടെ മുനയൊടിച്ച് സർക്കാർ
text_fieldsകേളകം: കൊട്ടിയൂർ-വയനാട് ചുരംപാതക്കായി മുറവിളി ഉയരുമ്പോൾ പ്രതീക്ഷയുടെ മുനയൊടിച്ച് സർക്കാർ.
പോയ വർഷങ്ങളിലുണ്ടായ ഉരുൾപൊട്ടൽ, പ്രളയങ്ങളിൽ തകർന്നടിഞ്ഞ കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാതക്ക് പകരം തലപ്പുഴ 44ാം മൈൽ- താഴെ പാൽചുരം-അമ്പായത്തോട് ചുരംരഹിത പാത വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാറിന്റെ വിലങ്ങുതടി.
ചുരംരഹിത പാത നിർമാണം പരിഗണനയിലില്ലെന്ന് സണ്ണി ജോസഫ് എം.എല്.എയുടെ ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞതോടെയാണ് പ്രതീക്ഷ മങ്ങിയത്. നിലവിലെ പാത മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ചുരത്തിലെ ഗതാഗതം തടസപ്പെടുമ്പോൾ ശക്തമാവുകയും ചുരം തുറക്കുന്നതോടെ പരിഗണന നഷ്ടപ്പെടുന്നതുമാണ് ബദൽ റോഡെന്ന ആവശ്യം.
കഴിഞ്ഞ വർഷകാലത്ത് മാത്രം അഞ്ചുതവണയാണ് പാൽച്ചുരമിടിഞ്ഞത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പാൽച്ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനായി ചെലവഴിക്കുന്നതും.
44ാംമൈൽ റോഡ് അമ്പായത്തോടുനിന്ന് താഴേപാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാനപാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തിന്റെ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. പാൽച്ചുരം കടന്നുപോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡിന്റെ നിർദിഷ്ട പാത നിബിഡവനത്തിലൂടെയാണ് പോവുക. കൂപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരുവഴി ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഉപയോഗിക്കാതായി.
എന്നാൽ, 1973ൽ കൊട്ടിയൂർ പഞ്ചായത്തിന്റെ അപേക്ഷയിൽ കൊട്ടിയൂർ നിബിഢവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡു നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിനു സ്ഥലം ലീസിനു നൽകിയിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമിച്ചു. 8.300 കി.മീറ്ററാണ് അമ്പായത്തോടു മുതൽ തലപ്പുഴവരെ വനമുൾപ്പെടെ ബദൽ പാതയുടെ നീളം. 2009ൽ അന്നത്തെ വടക്കേ വയനാട് എം.എൽ.എയായിരുന്ന കെ.സി. കുഞ്ഞിരാമൻ ഈ റോഡിനായി ഏഴുകോടി രൂപ അനുവദിച്ചിരുന്നു.
2009 ജൂലൈ 17 ലെ വയനാട് കലക്ടറുടെ ഉത്തരവു പ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്ന് പറഞ്ഞിരുന്നു. ഈ റോഡിനായി 14 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി.
എന്നാൽ, തുക പാസായില്ല. പിന്നീട് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യതപഠനങ്ങൾ നടന്നിരുന്നു. കേരളത്തിലെ ഏറ്റവും ദുർഘടമായ ചുരം പാതയാണ് കൊട്ടിയൂർ വയനാട് ചുരം പാത.
ബോയ്സ് ടൗൺ മുതൽ അമ്പായത്തോടിൽ ചുരം അവസാനിക്കുന്നിടം വരെ ചുരം പാതയുടെ നീളം അഞ്ച് ഹെയർപിൻ വളവുകളോടെ എട്ട് കി.മീറ്ററാണ്. അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് കൊട്ടിയൂർ-പാൽചുരം പാതയിലൂടെ സാഹസികമായി കടന്ന് പോകുന്നത്.
സർക്കാർ അവഗണനക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ജനകീയ സമിതികളുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.