കുണ്ടേരിയിലെ സഹോദരികള്‍ക്കും ഇനി കൂട്ടുകാരോടൊപ്പം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാം
text_fieldsകേളകം: ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയിലെ ഒറ്റമുറി വീട്ടിലെ നാല് കുരുന്നു പെൺമക്കളുടെ ഓൺലൈൻ പഠനത്തിനായി സുമനസ്സുകളുടെ സഹായഹസ്തം.
കണിച്ചാര്‍ കുണ്ടേരിയിലെ സഹോദരികള്‍ക്കും ഇനി കൂട്ടുകാരോടൊപ്പം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുണ്ടേരിയിലെ നാലു വിദ്യാര്‍ഥികളുടെ ദുരിതത്തെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഒരുവ്യക്തി 'ഗൾഫ് മാധ്യമം' ദുബൈ ഓഫിസുമായി ബന്ധപ്പെട്ട് സഹായമെത്തിച്ചു.
ഇദ്ദേഹം മാധ്യമം മുഖേന നൽകിയ 20,000 രൂപ ഉപയോഗിച്ച് രണ്ട് മൊബൈൽ ഫോണുകൾ, പഠനോപകരണങ്ങൾ, എമർജൻസി ലൈറ്റ്, കുടകൾ തുടങ്ങിയ വീട്ടിലെത്തിച്ച് കൈമാറി. കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് സ്മാർട്ട് ഫോണുകളും മറ്റും കുട്ടികൾക്ക് കൈമാറി. കേളകം പ്രസ്ഫോറം ഭാരവാഹികളായ അസീസ് കേളകം, അനീഷ് അഗസ്റ്റിൻ, സജീവ് നായർ എന്നിവർ പങ്കെടുത്തു.
കേളകം ജനമൈത്രി പൊലീസ് കുട്ടികളുടെ പഠനാവശ്യത്തിനായി ടെലിവിഷൻ സെറ്റും ചെട്ടിയാംപറമ്പ് ഡിലൈറ്റ് കേബിള്‍ നെറ്റ്വര്ക് സൗജന്യമായി കേബിള്‍ കണക്ഷനും നല്കി. വൈദ്യുതിയില്ലാത്ത വീട്ടിൽ വെള്ളിയാഴ്ച വൈദ്യുതി കണക്ഷൻ നല്‍കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുനൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കുട്ടികളുടെ മാതാവ് സമീറയ അറിയിച്ചു.
കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുണ്ടേരിയിലെ ചെറുവിള പുത്തന്‍വീട്ടില്‍ യൂസഫ് -സമീറ ദമ്പതികളുടെ നാലു മക്കള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടിലായതറിഞ്ഞ് സ്വദേശത്തും വിദേശത്തുനിന്നുമായി സഹായമെത്തി.
കേളകം സ്റ്റേഷനിലെ പൊലീസുകാരുടെ സഹായത്തോടെയാണ് പുതിയ ടി.വി വാങ്ങിനല്‍കിയത്. കുട്ടികള്‍ക്ക് എസ്.എച്ച്.ഒ വിപിന്‍ദാസ്, കേളകം എസ്.ഐ നാരായണ്‍, എ.എസ്.ഐ സുനില്‍ വളയങ്ങാടന്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ സലിന എന്നിവര്‍ ചേര്‍ന്ന് ടി.വി കൈമാറി. ചെട്ടിയാംപറമ്പിലെ ഡിലൈറ്റ് കേബിള്‍ നെറ്റ്വര്ക് ഉടമ ബോബിയാണ് സൗജന്യമായി കേബിള്‍ കണക്ഷന് നല്‍കിയത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബം ഉപ്പയുടെ ഭൂമിയിലെ താല്‍ക്കാലിക ഷെഡിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.