ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
text_fieldsകേളകം: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. മൂന്ന് തൊഴിലാളികൾ ആനയുടെ ആക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയപുരയിൽ പി.പി. റിജേഷാണ് (35) കൊല്ലപ്പെട്ടത്. ഫാം ഒന്നാം ബ്ലോക്കിൽ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ തെങ്ങുചെത്താനായി റിജേഷും മൂന്ന് സുഹൃത്തുക്കളും പോകുമ്പോഴാണ് അപകടം.
തെങ്ങിൻതോപ്പിലെ കൊക്കോ ചെടിക്കുപിന്നിൽ മറഞ്ഞിരുന്ന മോഴയാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹതൊഴിലാളികളായ അനൂപ്, സുനിൽകുമാർ, ജയൻ എന്നിവർ ഓടിരക്ഷപ്പെട്ടെങ്കിലും റിജേഷിന് രക്ഷപ്പെടാനായില്ല. ആനയുടെ മുന്നിൽപെട്ടുപോയ റിജേഷിനെ 100 മീറ്ററോളം പിന്തുടർന്നാണ് ആന ആക്രമിച്ചത്. ചവിട്ടേറ്റ റിജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഫാമിലൂടെ കടന്നുപോകുന്ന പാലപ്പുഴ- കീഴ്പ്പള്ളി റോഡിൽനിന്നും 500 മീറ്റർ അകലെ കൃഷിയിടത്തിലേക്കുള്ള മൺപാതയിലൂടെ നടക്കുന്നതിനിടയിലാണ് ആന ഇവരെ ആക്രമിച്ചത്. മെയിൻ റോഡിൽനിന്ന് കൃഷിയിടത്തിലേക്കുള്ള മൺപാതയിലേക്ക് പ്രവേശിക്കുമ്പോൾതന്നെ ആനയുടെ സാന്നിധ്യം ഇവരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഏഴ് ആനകൾ ഉൾപ്പെടുന്ന കൂട്ടത്തെ ഇവർ കാണുകയും ചെയ്തു.
ഒച്ചവെച്ചതോടെ ആനക്കൂട്ടം കൃഷിയിടത്തിൽനിന്നും ദൂരത്തേക്കുമാറി. ഏഴ് ആനകളും ഒന്നിച്ചാണ് മുന്നോട്ടുനീങ്ങിയത്. കുറച്ചുസമയത്തിനുശേഷം, ആനകൾ പോയിക്കാണുമെന്ന് കരുതി തിരികെവരുമ്പോൾ കൊക്കോ ചെടിക്കുപിന്നിൽ മറഞ്ഞിരുന്ന മോഴയാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ചിതറിയോടിയ മറ്റ് മൂന്നുപേരും ഫോണിൽ ബന്ധപ്പെട്ടെങ്കിലും റിജേഷിനെ കണ്ടെത്താനായില്ല. അന്വേഷിച്ചുവരുന്നതിനിടയിൽ ആന വീണ്ടും ഇവരെ ഓടിച്ചു.
തുടർന്ന് നാട്ടുകാരെയും മറ്റ് തൊഴിലാളികളെയും കൂട്ടിയാണ് ഇവർ സംഭവസ്ഥലത്ത് എത്തിയത്. അപ്പോഴേക്കും റിജേഷ് മരിച്ചിരുന്നു. സി.പി.എം പാണലാട് ബ്രാഞ്ച് മുൻ സെക്രട്ടറിയും സി.ഐ.ടി.യു സജീവ പ്രവർത്തകനുമാണ് കൊല്ലപ്പെട്ട റിജേഷ്. കെ. ബാലകൃഷ്ണൻ- നളിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രതീഷ്, റിജിന, റിജിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.