പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്നു; പാറക്കൂട്ടം റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു
text_fieldsകേളകം: കൊട്ടിയൂർ -പാൽച്ചുരം റോഡിൽ വ്യാപകമായി മണ്ണിടിച്ചിൽ തുടരുന്നു. പാറക്കൂട്ടം റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ചെകുത്താൻ തോടിന് സമീപമാണ് പാറയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഇതേ സമയം വാഹനങ്ങൾ എത്താത്തതിനാൽ ദുരന്തം വഴി മാറി. ഇടിഞ്ഞുവീണ പാറകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ശ്രമകരമായി വശത്തേക്ക് മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. അടർന്നുവീണ വലിയ പാറകൾ വ്യാഴാഴ്ച പൊട്ടിച്ച് നീക്കുമെന്ന് ചുരം ഡിവിഷൻ പൊതുമരാമത്ത് അധികൃതർ പറഞ്ഞു. വയനാടൻ മലയടിവാരമായ ചുരം പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.
പാതയിൽ പത്തിലധികം സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ടായി. പാൽച്ചുരം ചുരത്തിലെ ഒന്നാം വളവിന് താഴ്ഭാഗത്തായാണ് രണ്ട് തവണ മണ്ണിടിഞ്ഞത്. മണ്ണും കല്ലും മരവുമുൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലായിരുന്നു. അഗ്നിരക്ഷാ സേനയും പി.ഡബ്ല്യു.ഡി അധികൃതരും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് മണ്ണ് നീക്കി ഗതാഗതയോഗ്യമാക്കി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് മണ്ണിടിഞ്ഞ പാതയിലെ തടസ്സം നീക്കാനായത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിൽ, പാറയിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗങ്ങളിലാണ് പാറയിടിച്ചിലും മണ്ണിടിച്ചിലും ഉണ്ടായത്. ഉരുൾപൊട്ടൽ പ്രളയത്തിൽ തകർന്ന പാത മാസങ്ങൾക്ക് മുമ്പാണ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയത്. കനത്ത മഴയുള്ളപ്പോൾ പാതയിലൂടെയുള്ള യാത്രയിൽ കനത്ത ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിർദേശം. അപകട ഭീതി നിലനിൽക്കുമ്പോഴും പാതയിലൂടെ ബസുകളുൾപ്പെടെ വാഹനങ്ങളുടെ തിരക്കിനും കുറവില്ല. നെടുമ്പൊയിൽ - മാനന്തവാടി പാതയിലെ യാത്ര ദുഷ്കരമായതിനാൽ കൂടുതൽ വാഹനങ്ങൾ കൊട്ടിയൂർ -പാൽ ചുരം പാതയിലൂടെയാണ് ചങ്കിടിപ്പോടെയും കടന്നു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.