ആറളം നിലനിർത്തി എൽ.ഡി.എഫ്; ആഹ്ലാദ പ്രകടനം വൻ പൊലീസ് സുരക്ഷയിൽ
text_fieldsഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.കെ. സുധാകരന് ജയം. 137 വോട്ടിെൻറ വൻഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നിലനിർത്താനായി.
1185 വോട്ടർമാരിൽ 1097 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി യു.കെ. സുധാകരന് 608 വോട്ട് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി സുരേന്ദ്രൻ പാറക്കത്താഴേക്ക് 471 വോട്ടും ബി.ജെ.പി സ്ഥാനാർഥി എ.കെ. അജയകുമാറിന് 11 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികൾക്ക് എല്ലാവർക്കുമായി ഏഴു വോട്ടും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ബേബിജോൺ പൈനാപ്പിള്ളി എട്ട് വോട്ടുകൾക്കായിരുന്നു വിജയിച്ചത്. അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
17 സീറ്റുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും സീറ്റുകളാണ് ലഭിച്ചിരുന്നത്. ബേബിജോണിെൻറ മരണത്തോടെ ഇരുമുന്നണിക്കും എട്ട് സീറ്റ് വീതമായതോടെ നറുക്കെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞത് എൽ.ഡി.എഫിന് ആശ്വാസമായി. അഭിമാനപോരാട്ടത്തിൽ കഴഞ്ഞതവണ കിട്ടിയ എട്ട് വോട്ടിെൻറ ഭൂരിപക്ഷം 137ലേക്ക് ഉയർത്താനായി എന്നതും നേട്ടമായി. അതേസമയം, കഴിഞ്ഞതവണ ബി.ജെ.പി നേടിയ 32 വോട്ടിൽ പകുതിപോലും ഇവർക്ക് നേടാനായില്ല.
വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ കനത്ത പൊലീസ് കാവലോടെ രാവിലെ 10ഒാടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. മാധ്യമപ്രവർത്തകരെ അടക്കം ആരെയും വോട്ടെണ്ണൽ ഹോളിലേക്ക് കടത്തിവിട്ടിരുന്നില്ല. ആദ്യം എണ്ണിയ 24 തപാൽ വോട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 17, യു.ഡി.എഫിന് ആറ്, ബി.ജെ.പി.ക്ക് ഒന്ന് എന്നായിരുന്നു ഫലം. ഒന്നാം ബൂത്തായ വെളിമാനം സ്കൂളിലെ ഫലത്തിലും മുൻതൂക്കം എൽ.ഡി.എഫിന് തന്നെയായിരുന്നു. എൽ.ഡി.എഫ് 326, യു.ഡി.എഫ് 218, ബി.ജെ.പി ആറ് എന്നതായിരുന്നു ഫലം. രണ്ടാം ബൂത്തായ വീർപ്പാട് കമ്യൂണിറ്റി ഹാളിലെ ഫലവും വന്നതോടെ എല്ലാം കൈവിട്ട അവസ്ഥയിലായി യു.ഡി.എഫ്. ഈ ബൂത്തിൽ എൽ.ഡി.എഫ് 265, യു.ഡി.എഫ് 247, ബി.ജെ.പി നാല് എന്നതായിരുന്നു വോട്ടുനില.
ആഹ്ലാദ പ്രകടനം നടത്തി
ഇരിട്ടി: വീർപ്പാട് വാർഡ് ഉപതെരഞ്ഞെടുപ്പിലെ യു.കെ. സുധാകരെൻറ വിജയം എൽ.ഡി.എഫ് അണികളെ ആഹ്ലാദത്തിലാക്കി. ജില്ല സെക്രട്ടറി എം.വി. ജയരാജെൻറ നേതൃത്വത്തിൽ സുധാകരനെ ആനയിച്ചു ആഹ്ലാദ പ്രകടനം നടത്തി. എം.വി. ജയരാജനും കെ. ശ്രീധരൻ അടക്കമുള്ള നേതാക്കളും ചുവന്ന ഷാൾ അണിയിച്ച് വിജയിയെ അനുമോദിച്ചു. ആഹ്ലാദ പ്രകടനത്തിന് ജില്ല സെക്രേട്ടറിയറ്റ് അംഗം പി. പുരുഷോത്തമൻ, നേതാക്കളായ കെ. ശ്രീധരൻ, സക്കീർ ഹുസൈൻ, പി.പി. അശോകൻ, പി. റോസ, എൻ.ടി. റോസമ്മ, വൈ.വൈ. മത്തായി, കെ.കെ. ജനാർദനൻ ഘടകകക്ഷി നേതാക്കളായ ജെയ്സൺ ജീരകശ്ശേരി, വിപിൻ തോമസ്, പി.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി. പായസവും മധുരപലഹാര വിതരണവും നടന്നു. സംഘർഷം കണക്കിലെടുത്ത് ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. പൊലീസ് മേധാവി നവനീത് ശർമയും സ്ഥലത്തെത്തിയിരുന്നു.
ldf-prakadanam-iritty
വീർപ്പാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി യു.കെ. സുധാകരനെ ആനയിച്ച് നടത്തിയ ആഹ്ലാദ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.