മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; സമാന്തര പാതകൾക്ക് അതിരിടുന്ന പണി പാതിവഴിയിൽ നിലച്ചു
text_fieldsകേളകം: നിർദിഷ്ട മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകൾക്ക് അതിരുകല്ലിടുന്ന പണി പാതിവഴിയിൽ നിലച്ചു. മാർച്ച് 31നകം അതിരുകല്ലുകൾ സ്ഥാപിച്ച് സാമൂഹികാഘാതപഠനവും സ്ഥലമേറ്റെടുപ്പും നടക്കേണ്ടതായിരുന്നു.
ഇത് പൂർത്തിയാകാത്തതിനാൽ നിർദിഷ്ടപാതയുടെ ഇരുവശവുമുള്ള ഭൂവുടമകൾക്ക് പുതിയ കെട്ടിടമോ വീടോ നിർമിക്കാൻ ഇനിയും ഏറെനാൾ കാത്തിരിക്കേണ്ടിവരും. നിർദിഷ്ട പാതയോരത്തെ നിർമിതികൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നിഷേധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നാണ് ഭൂവുടമകളുടെ ആരോപണം.
63.5 കിലോമീറ്റർ നീളമുള്ള പാതയിൽ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള 40 കിലോമീറ്റർ പാതയുടെ ഭൂരിഭാഗവും അതിരുകല്ല് സ്ഥാപിച്ചിട്ട് മാസങ്ങളായി. ഈ പാതയിൽ അഞ്ചിടങ്ങളിൽ സമാന്തര പാതകളാണ് നിർമിക്കുന്നത്.
കേളകം ടൗണിനെ ഒഴിവാക്കി വില്ലേജ് ഓഫിസ് മുതൽ മഞ്ഞളാംപുറം യു.പി സ്കൂൾവരെ 1.125 കിലോമീറ്റർ, പേരാവൂർ ടൗണിനെ ഒഴിവാക്കി കൊട്ടംചുരം മുതൽ തെരുവരെ 2.525 കിലോമീറ്റർ, തൃക്കടാരിപ്പൊയിലിൽ 550 മീറ്റർ, മാലൂരിൽ 725 മീറ്റർ, ശിവപുരം മുതൽ മട്ടന്നൂർ വരെ 4.495 കിലോമീറ്റർ എന്നിങ്ങനെയാണ് സമാന്തര പാതകൾ നിർമിക്കുന്നത്. ഇതിൽ കേളകം, തൃക്കടാരിപ്പൊയിൽ, മാലൂർ, ശിവപുരം എന്നീ ഭാഗങ്ങളിൽ അതിരുകൾ അളന്ന് കല്ല് സ്ഥാപിച്ചിട്ടുണ്ട്.
മാനന്തവാടി മുതൽ അമ്പായത്തോട് വരെ രണ്ടുവരിപ്പാതയും അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ നാലുവരിയുമായി 68.5 കിലോമീറ്റർ നീളത്തിൽ 24 മീറ്റർ വീതി പാതയാണ് നിർമിക്കുക. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിനായി 90.60 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഈ ഭാഗത്താണ് ആദ്യഘട്ടത്തിൽ സ്ഥലമേറ്റെടുക്കുക.
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിലേക്ക് ഗതാഗതതടസ്സം കൂടാതെ എത്തിച്ചേരാവുന്ന റോഡുകൾ വികസിപ്പിക്കാനുള്ള നടപടി തുടങ്ങിയതാണ്. എന്നാൽ വിമാനത്താവളം പ്രവർത്തനം തുടങ്ങി നാലുവർഷം പിന്നിടുമ്പോഴും റോഡുകൾ യാഥാർഥ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.