മവോവാദി സാന്നിധ്യം; വനാതിർത്തികളിൽ പരിശോധന
text_fieldsകേളകം: ജില്ലയിൽ മാവോവാദി സാന്നിധ്യമുള്ള വനാതിർത്തികളിൽ പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കൊട്ടിയൂർ, ആറളം ഫാം, കോളിത്തട്ട്, അടക്കാത്തോട് മേഖലകളിലാണ് പരിശോധന നടത്തിയത്.
വയനാട്ടിലെ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന. കണ്ണൂരിൽ മലയോര മേഖല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. നേരത്തേ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിലും ആറളം പഞ്ചായത്തിലെ കീഴ്പള്ളി വിയറ്റ്നാമിലും കൊട്ടിയൂർ പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിലും മാവോവാദികൾ എത്തിയിരുന്നു.
മുമ്പ് അമ്പായത്തോട് ടൗണിൽ രണ്ടുതവണ മാവോവാദി സംഘമെത്തി പരസ്യപ്രകടനം നടത്തിയ സാഹചര്യവുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട്-മാവോവാദി വെടിവെപ്പ് നടന്നത്.
ഏറ്റുമുട്ടലിൽ മാവോവാദികൾക്ക് വെടിയേറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഈ മേഖല കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനാണ് പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും നീക്കം. ആറളത്തെ മാവോവാദി സാന്നിധ്യമേഖലയിലും തണ്ടർബോൾട്ടിന്റെയും ബോംബ്, ഡോഗ് സ്ക്വാഡുകളുടെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ വനത്തിനുള്ളിൽ കയറിയാണ് പരിശോധന നടത്തിയത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
നേരത്തെ മാവോവാദി സാന്നിധ്യം കണ്ടെത്തിയ ആറളം പഞ്ചായത്തിലെ വിയറ്റ്നാം, വാളത്തോട്, ആറളം ഫാം ബ്ലോക്ക് 13, 55 മേഖലയിലും വാച്ച് ടവർ, ചതിരൂർ മേഖലകളിലുമാണ് പരിശോധന നടത്തിയത്. പലതവണകളായി മാവോവാദികൾ എത്തിയ വീടുകളും പരിസരങ്ങളും പരിശോധിച്ചു.
മാവോവാദികളുടെ സ്ഥിരം സഞ്ചാര പാതകളിൽ സ്ഫോടക വസ്തുക്കളും മറ്റും ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയുന്നതിന് വേണ്ടിയാണ് പരിശോധന. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യയുടെ നേതൃത്വത്തിലുള്ള 40 ഓളം വരുന്ന സായുധ സംഘമാണ് വനമേഖലകൾക്കുള്ളിൽ കയറി പരിശോധന നടത്തിയത്.
ബോംബ് സ്ക്വാഡ് എസ്.ഐ അജിത് കുമാർ, ആറളം എസ്.ഐ വി.വി. റജികുമാർ എന്നിവരുടെ നേതൃതൃത്വത്തിൽ പൊലീസും രംഗത്തുണ്ടായിരുന്നു. കേളകം മേഖലയിൽ കേളകം പൊലീസും തിരച്ചിലിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.