കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി; വാഴകൾ വെട്ടി നശിപ്പിച്ച് കർഷകൻ
text_fieldsകേളകം: കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി വാഴകൾ വെട്ടി നശിപ്പിച്ച് കർഷകൻ. അമ്പായത്തോടിലെ കിടങ്ങയിൽ ബാബുവാണ് സ്വന്തം കൃഷി വെട്ടി നശിപ്പിച്ചത്. തെങ്ങു കയറ്റ തൊഴിലാളിയായ ബാബു കൂലി കിട്ടുന്ന തുകയ്ക്കാണ് ടൗണിനടുത്തെ സ്ഥലത്ത് 500 നേന്ത്ര വാഴകൾ കൃഷിയിറക്കിയത്.
40,000 ത്തോളം രൂപ ചെലവഴിച്ചാണ് വാഴകൾ നട്ട് പരിപാലിച്ചത്. പാട്ടത്തിനെടുത്ത 1.40 ഏക്കർ സ്ഥലത്തിന്റെ വാടക വേറെയും. മൂന്ന് വർഷത്തിന് 60,000 രൂപ പാട്ടം നൽകി എടുത്ത കൃഷിയിടത്തിലാണ് നാലു വർഷമായി കൃഷി ചെയ്യുന്നത്. അതും കുലിപ്പണി ചെയ്തും വായ്പ വാങ്ങിയുമുള്ള തുകയ്ക്ക്.
അധ്വാനിച്ച് നട്ട് പരിപാലിച്ച് വിളവെടുക്കാറായ നേന്ത്രവാഴ കുരങ്ങുകൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ബാബു വെട്ടി ഒഴിവാക്കിയത്. പ്ലാസ്റ്റിക് ചാക്ക് മൂടി സംരക്ഷിച്ചെങ്കിലും കുരങ്ങന്മാർ കുലകൾ ഒന്നൊന്നായി തിന്നുനശിപ്പിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലൊന്നും വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നില്ല. കപ്പ, ഇഞ്ചി, ചേന, ചേമ്പ്, നേന്ത്രവാഴ, പുല്ല് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. ഇതിൽ ഇഞ്ചി മാത്രമാണ് ഇത്തവണ വിളവെടുക്കാനായതെന്നും ബാക്കിയെല്ലാം കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചെന്നും ബാബു പറയുന്നു.
'എന്തിനാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്. കർഷകരെ ആർക്കും വേണ്ട, അവരെ സഹായിക്കാൻ ഒരു ഭരണകൂടവും ഇല്ല. എല്ലാം വന്യമൃഗങ്ങൾക്ക് കൊടുത്ത് അവരെ തീറ്റിപ്പോറ്റട്ടെ' -രോഷത്തോടെയാണ് ബാബു ഇത് പറഞ്ഞ് വാഴകൾ ഓരോന്നായി വെട്ടി മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.