കൃഷിയിടം വാനരപ്പട കൈയടക്കി; വായ്പ തിരിച്ചടക്കാനാവാതെ കർഷകർ
text_fieldsകേളകം: കുടുംബശ്രീയുടെ സഹായത്തോടെയാണ് കേളകം പടിഞ്ഞാറെ വെള്ളൂന്നി സി.ടി മലക്കടുത്ത് ഷേർളി ബെന്നി പനച്ചിക്കൽ, ശ്യാമള സുകുമാരൻ, രജനി പ്രശാന്തൻ, തങ്കമ്മ സ്കറിയ എന്നിവർ ചേർന്ന് ജെ.എൽ.ജിയായി കൃഷിയാരംഭിച്ചത്. ഏദൻ എന്നായിരുന്നു അവർ ജെ.എൽ.ജിക്കു നൽകിയ പേര്. 900 വാഴകൾ, 2000 കപ്പകൃഷി, ചേമ്പ്, ചേന എന്നിങ്ങനെ കൃഷി വിളയുന്ന തോട്ടമിപ്പോൾ വന്യമൃഗങ്ങളുടെ കേന്ദ്രമാണ്.
കുലച്ച നേന്ത്രവാഴകളിലെ കായ്കൾ കുരങ്ങുകൾ തിന്നുതീർക്കുകയാണ്. എട്ടുവർഷമായി ഇവർ കൃഷി തുടങ്ങിയിട്ട്. നാലര ലക്ഷം രൂപ വായ്പയുണ്ട്. തിരിച്ചടവിനുള്ള പണം ഒരു വർഷംപോലും കൃഷിയിൽനിന്ന് കിട്ടുന്നില്ല. ഈ അവസ്ഥയിൽ ഓരോ വർഷവും ലോൺ പുതുക്കേണ്ട സാഹചര്യമാണ്. എന്നാൽ, സ്കീം പ്രകാരം ലോൺ പുതുക്കി നൽകണമെങ്കിൽ കൃഷി തുടരണം. കൃഷി നിർത്തിയാൽ പുതുക്കി നൽകില്ല. അതുകൊണ്ടുതന്നെ കൃഷി അവസാനിപ്പിക്കാനാകാതെ ഓരോ വർഷവും തുടരേണ്ട സാഹചര്യത്തിലാണിവർ. പൂർണമായും ലോൺ അടച്ചുതീർക്കും വരെ പലിശയടച്ച് ഓരോ വർഷവും ലോൺ പുതുക്കുകയാണ്. കൃഷിയിൽനിന്ന് മെച്ചം കിട്ടാത്തതിനാൽ ലോണും തുടരുന്നു.
ഇത്തവണ നട്ട 2000 മരച്ചീനിയും മൂപ്പെത്തിയിട്ടും പറിക്കാതെയിട്ടിരിക്കുകയാണ്. വാങ്ങാൻ ആളില്ല.വാഴക്കുലകൾക്ക് വിലയില്ലാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞ വർഷം കിലോക്ക് 18 രൂപക്ക് മാത്രമാണ് കുലകൾ വിൽക്കാനായത്. മരച്ചീനി 15 രൂപക്കും. വിളനാശവും വിലയിടിവും തകർത്ത കർഷകരുടെ രോദനമിവിടെ വനരോദനമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.