കാലവർഷക്കെടുതി: കാർഷിക മേഖലക്ക് കനത്ത തിരിച്ചടി
text_fieldsകേളകം: മലയോരത്ത് കാലവർഷക്കെടുതിയിൽ കാർഷിക മേഖലക്ക് കനത്ത തിരിച്ചടി. വരുമാനം നിലച്ച് കർഷകർ പട്ടിണിയുടെ വക്കിലുമായി. അന്നന്നത്തെ ജീവിതം തള്ളിനീക്കാൻ വായ്പകൾക്കായി നെട്ടോട്ടത്തിലാണ് മലയോര കർഷകർ. കനത്ത മഴയെ തുടർന്ന് കാർഷിക ജോലികൾ നിലച്ചതോടെ കാർഷിക തൊഴിലാളികളും ദുരിതക്കയത്തിലായി. പ്രതിസന്ധിയുടെ ആഴങ്ങളിലാണിന്ന് മലയോര ജനത.
റബറിന് വിലയുണ്ടെങ്കിലും കനത്ത മഴമൂലം ടാപ്പിങ് നടത്താനാവാത്തതിനാൽ ഉൽപാദനമില്ല. ഇതിനൊപ്പം കൃഷിയിടങ്ങളിലെ രോഗബാധയും മലയോര കർഷകരുടെ ജീവിതത്തിൽ പ്രതിസന്ധി വർധിപ്പിക്കുന്നു. കനത്ത മഴയിൽ കമുകിന് മഹാളി രോഗം വ്യാപകമായി. രോഗം ബാധിച്ച കമുകുകളിൽനിന്ന് അടക്ക കൊഴിഞ്ഞുവീണ് നശിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ മഹാളി രോഗം തടയാൻ പ്രതിരോധ മരുന്ന് തളിക്കാനുമായില്ല. വന്യജീവി ശല്യവും രൂക്ഷം. കാട്ടുപന്നികളെത്താത്ത കൃഷിയിടങ്ങൾ മലയോരത്തെ ടൗണുകളുടെ പരിസരങ്ങളിൽപോലുമില്ല.
കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി, മയിൽ, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികളുടെ ആക്രമണം രൂക്ഷമായതോടെ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റു വഴികൾ തേടുകയാണ്. കനത്ത കാറ്റിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ, ആറളം, പേരാവൂർ, കോളയാട് തുടങ്ങിയ പഞ്ചായത്തുകളിൽ നൂറുകണക്കിന് കർഷകർക്കാണ് വിളനാശം നേരിട്ടത്. സർക്കാർ സഹായം നാമമാത്രമായി ലഭിക്കാൻപോലും കാലങ്ങളുടെ കാത്തിരിപ്പ് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.