കശുമാങ്ങ സംഭരണത്തിന് ഇത്തവണയും നടപടിയില്ല
text_fieldsകേളകം: മൂല്യവർധിത ഉത്പന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാമായിരുന്നിട്ടും സംസ്ഥാനത്ത് കശുമാങ്ങകൾ വൻ തോതിൽ പാഴാക്കിക്കളയുന്നു. പ്രതിവർഷം 36,000 ടൺ കശുവണ്ടി ലഭിക്കുന്ന കേരളത്തിൽ ഇതിന്റെ എട്ടിരട്ടിയോളം കശുമാങ്ങയും ലഭിക്കുന്നുണ്ട്.
എന്നാൽ കാര്യക്ഷമമായ സംസ്കരണ സംവിധാനമില്ലാത്തതിനാൽ ഇവ പാഴാക്കിക്കളയുകയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദനം നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര കശുമാവിൻ തോട്ടങ്ങളിൽ കശുമാങ്ങകൾ കുമിഞ്ഞുകൂടുമ്പോഴും ഇതുപയോഗപ്പെടുത്താൻ സർക്കാർ തലത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ കർഷകരെ സഹായിക്കുന്നതിന് കശുമാങ്ങ സംസ്കരിച്ച് ജ്യൂസ്, ജാം, കാഷ്യു കേക്ക്, ഫെനി, കാൻഡി തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിന് സംസ്കരണ യൂനിറ്റുകളുണ്ട്. എന്നാൽ കേരളത്തിലെ ഭൂരിഭാഗം കർഷകർക്ക് ഇവ തീർത്തും അന്യമാണ്. കശുവണ്ടി സംഭരണം നടക്കാത്തതിനാൽ സീസൺ തുടക്കത്തിലേ വിലയിടിവാണ് കർഷകർ നേരിട്ടത്. ഉൽപാദനവും കുറവാണ്. മാങ്ങ സംഭരണമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് കർഷകർ കരുതി. എന്നാൽ ഇത്തവണയും അതുണ്ടായില്ല. മുൻ കാലങ്ങളിൽ കശുവണ്ടിക്ക് കിലോക്ക് 150 രൂപ വരെ കിട്ടിയിരുന്നു. നിലവിൽ 108 രൂപയാണു ലഭിക്കുന്നത്.
വിലയിടിവും ഉൽപാദനക്കുറവും വൻ തിരിച്ചടിയാണ് കർഷകർക്ക് സമ്മാനിച്ചത്. ഇത്തവണയെങ്കിലും കശുവണ്ടി, കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് മെച്ചപ്പെട്ട വില ലഭിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷക സംഘടനകളും പരാതിപ്പെടുന്നു.
കർഷകർക്ക് കിലോക്ക് മൂന്നു രൂപ നൽകി കശുമാങ്ങ സംഭരിക്കാൻ മുമ്പ് സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. കശുമാങ്ങയിൽ നിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ, മറ്റു വിവിധ ഉൽപന്നങ്ങൾ എന്നിവ തയാറാക്കി കുടുംബശ്രീ വഴിയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.