ഒമ്പതു മാസമായി ശമ്പളമില്ല: ആറളം ഫാം തൊഴിലാളികൾക്ക് കണ്ണീരോണം
text_fieldsദുരിതക്കയത്തിലായ ജീവനക്കാർക്കും തൊഴിലാളികൾക്കും ഇക്കുറി കണ്ണീരോണമാകാതിരിക്കാൻ സർക്കാർ കനിയണം
കേളകം: ആറളം ഫാമിൽ ദുരിതപർവം താണ്ടി തൊഴിലാളികളും ജീവനക്കാരും. ഒമ്പത് മാസമായി വേതനം കിട്ടാതായ ഫാമിലെ നാനൂറിലധികം വരുന്ന തൊഴിലാളികളും ജീവനക്കാരും ദുരിതത്തിലായി. റേഷൻ ലഭിക്കുന്നത് മൂലം ആദിവാസി കുടുംബങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വരുന്നില്ലെങ്കിലും മറ്റു കാര്യങ്ങൾക്കു പണമില്ലാത്തതുമൂലം കഷ്ടപ്പെടുകയാണ് മിക്ക കുടുംബങ്ങളും.
പണം അടക്കാനില്ലാത്തതിനാൽ പല കുടുംബങ്ങളുടെയും വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ച ദുരവസ്ഥ വരെയെത്തി. പ്രീമിയം മുടങ്ങിയതിനാൽ പലർക്കും ഇൻഷുറൻസ് പരിരക്ഷയും ഇല്ലാതായ അവസ്ഥയാണ്.
2022 ഒക്ടോബറിലാണ് ഫാമിലെ 425 പേർക്ക് വേതനം ലഭിച്ചത്. ഇതിൽ 300ലധികം പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ശമ്പളം എന്ന് നൽകുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാണ് ഫാം മാനേജ്മെന്റ്. തൊഴിലാളികളുടെ പി.എഫ് വിഹിതവും അടച്ചിട്ടില്ല.
പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല. ദുരവസ്ഥ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് നിരന്തരം സർക്കാറിലേക്ക് കത്തയക്കുന്ന പ്രവ്യത്തി തുടരുകയാണിപ്പോഴും. തൊഴിലാളികളും ജീവനക്കാരും മാസങ്ങളോളം പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. ഫാമിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടി ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ജലരേഖയായെന്ന് തൊഴിലാളികൾ പറയുന്നു.
വൈവിധ്യവത്കരണത്തിലുടെ തൊഴിലും വരുമാനവും വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും മന്ദഗതിയിലായി. പലതും നാമമാത്രമായി നടക്കുന്നുണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്താൻ ഫാമിന് ഇതുവരെ സാധിച്ചിട്ടില്ല. ഫാമിന്റെ ആവശ്യത്തിനുള്ള വരുമാനം ഫാമിൽ നിന്നുതന്നെ കണ്ടെത്തണമെന്ന് ധനകാര്യ വകുപ്പിൽ നിന്നും പലതവണ നിർദേശം ഉണ്ടായെങ്കിലും ഇതിനായി നടത്തുന്ന പ്രവർത്തനങ്ങളൊന്നും ഫലപ്രദമാകുന്നില്ല. ഒരു മാസത്തെ ശമ്പളത്തിന് വേണ്ടത് 70 ലക്ഷത്തോളം രൂപയാണ്.
ഫാമിന്റെ പ്രധാന വരുമാന മാർഗമായിരുന്ന തെങ്ങിൽനിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 7500 ഓളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചു. അവശേഷിക്കുന്ന തെങ്ങുകൾ കുരങ്ങ് ശല്യം മൂലം വരുമാനം ഇല്ലാത്തതുമായി.
കശുവണ്ടിയിൽനിന്നുള്ള വരുമാനത്തിൽ ഒരു കോടിയിലധികം രൂപയുടെ കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി.
അടിയന്തരമായി സർക്കാറിൽ നിന്നും അഞ്ചു കോടിയെങ്കിലും അനുവദിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാൻ സാധിക്കുകയുളളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.