അഞ്ചു മാസമായി വേതനമില്ല; ആര് കേൾക്കും ഈ സങ്കടം
text_fieldsകേളകം: വനം വകുപ്പിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചു മാസം. വാച്ചര്‍, ഡ്രൈവര്‍, ക്ലറിക്കല്‍ തസ്തികകളിലെ താൽക്കാലിക ജീവനക്കാരാണ് പ്രയാസപ്പെടുന്നത്. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരില്‍ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്.
ഇതില്‍ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം. മൂവായിരത്തോളം ദിവസവേതനക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയിലാകട്ടെ 98 ദിവസവേതനക്കാരും. ഇതില്‍ കണ്ണൂർ ഡിവിഷനു കീഴിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം ശമ്പളം ലഭിച്ചിരുന്നു. ആറളം വന്യജീവി സങ്കേതത്തിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഫെബ്രവരി ഒന്നിന് ഇരിട്ടി വൈൽഡ് ലൈഫ് ഓഫിസിനു മുന്നിൽ വാച്ചർമാരുടെ സമരം നടത്തും.
വിവിധ തസ്തികകളില്‍ 675 മുതല്‍ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാല്‍ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. വനംവകുപ്പ് വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചെലവുകള്‍ എന്നിവക്കുള്ള തുകയും ഇതേ ഫണ്ടില്നിന്നാണെടുക്കുന്നത്.
വേതനം ഉടൻ വിതരണം നടത്തണമെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സൂചന സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ സെക്രട്ടറി സഹദേവൻ ആറളം വൈൽസ് ലൈഫ് വാർഡന് സമര നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.