വേതനമില്ല; ആറളം ഫാമിൽ തൊഴിലാളി സമരം തുടങ്ങി
text_fieldsകേളകം: അഞ്ചു മാസമായി വേതനം കിട്ടാത്ത തൊഴിലാളികളും ജീവനക്കാരും പണിമുടക്കിലേക്ക് കടന്നതോടെ ആറളം ഫാം നിശ്ചലമായി. ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കും ജീവനക്കാർക്കും അഞ്ചു മാസത്തെ വേതനമാണ് കുടിശ്ശികയായി നൽകാനുള്ളത്. എന്നാൽ, തൊഴിലാളികൾ സമരത്തിന് നോട്ടീസ് നൽകിയതോടെ ചർച്ചകളിലൂടെ സമവായം ഉണ്ടാക്കാനുള്ള ഒരു ശ്രമവും നടത്താതെ കുടിശ്ശികയിൽനിന്നും ആഗസ്റ്റ് മാസത്തെ വേതനം നൽകി തൊഴിലാളികളെ വരുതിയിലാക്കാനുള്ള മാനേജ്‌മെന്റ് നീക്കം ഫലം കണ്ടില്ല.
ഫാമിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിയതിനെ തുടർന്ന് ജീവനക്കാരും പിന്തുണയറിച്ച് പണിമുടക്കിനൊപ്പം ചേർന്നതോടെ വെള്ളിയാഴ്ച ഫാമിന്റെ പ്രവർത്തനം പൂർണമായും നിശ്ചലമായി.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും ആറളം ഫാം തൊഴിലാളി യൂനിയൻ പ്രസിഡന്റുമായ ബിനോയി കുര്യൻ സമരം ഉദ്ഘാടനം ചെയ്തു. യുനിയൻ സെക്രട്ടറിയും സി.പി.ഐ നേതാവുമായ കെ.ടി. ജോസ് അധ്യക്ഷത വഹിച്ചു.
ഫാമിലെ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സഹായം ആവശ്യപ്പെട്ടു ഫാം മാനേജ്‌മെന്റ് നൽകിയ അപേക്ഷകൾ നിരസിച്ചതും അതിന് ധനകാര്യ വകുപ്പ് നൽകിയ മറുപടിയുമാണ് തൊഴിലാളികളെയും ജീവനക്കാരെയും സമരത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള പണം ഫാമിൽ നിന്നുതന്നെ കണ്ടെത്തണമെന്നാണ് ഇതിൽ നിർദേശിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള പ്രാപ്തി ഫാമിനില്ല എന്നിരിക്കേ സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഫാമിന്റെ ഭാവിയും തൊഴിലാളികളുടെ നിലനിൽപും ഭീഷണിയിലായിരിക്കുകയാണ്.സ്ഥിരം തൊഴിലാളികളും താൽക്കാലിക തൊഴിലാളികളും ജീവനക്കാരുമടക്കം 390 പേരാണ് ഫാമിലള്ളത്. ഒരു മാസത്തെ വേതനം നൽകാൻ 50 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഓണത്തിന് തൊഴിലാളികൾ പട്ടിണിസമരം പ്രഖ്യാപിച്ചതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം അനുവദിച്ചത്. അന്ന് ഒന്നരക്കോടി രൂപയാണ് വേതനം നൽകുന്നതിനായി സർക്കാർ അനുവദിച്ചത്.
നാലുകോടിയാണ് അന്നു സർക്കാർ പ്രഖ്യാപിച്ചതെങ്കിലും ധനകാര്യ വകുപ്പ് ഇടപെട്ട് ഒന്നരക്കോടിയായി വെട്ടിക്കുറച്ചു. പ്രതിവർഷം കൂലിയും മറ്റു ആനുകൂല്യങ്ങളും നൽകുന്നതിനായി മാത്രം ആറു കോടിയിലധികം വേണം. ഇപ്പോൾ അതിന്റെ പാതി വരുമാനം പോലും ഫാമിൽനിന്ന് ലഭിക്കുന്നില്ല. ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച കാർഷിക ഫാം എന്ന് ഖ്യാതികേട്ട ആറളം ഫാം ഏറെ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.