പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം
text_fieldsകേളകം: സമുദ്രനിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാലുകാച്ചിമലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായ ട്രക്കിങ്ങിന് ആവേശകരമായ തുടക്കം. പ്രകൃതി ദൃശ്യവിരുന്നൊരുക്കിയ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിക്കാൻ ഒഴുകിയെത്തിയത് നൂറുകണക്കിന് വിനോദസഞ്ചാരികളാണ്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ വനം വകുപ്പുമായി ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിനോദസഞ്ചാരികളുടെ സ്വപ്ന സാഫല്യമായി പാലുകാച്ചിമല ട്രക്കിങ് ഉദ്ഘാടനം ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ നടന്നു. കണ്ണൂർ ഡി.എഫ്.ഒ പി.കാർത്തിക് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. സുനീന്ദ്രൻ, മൈഥിലി രമണൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുധീർ നാരോത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ. സന്തോഷ് ഒറവാറന്തറ, എം.പി. ബാലൻ, പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡന്റ് ജോർജ് കുപ്പക്കാട്ട്, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തംഗം സജീവൻ പാലുമ്മി, പഞ്ചായത്ത് സെക്രട്ടറിമാരായ പി.കെ. വിനോദ്, കെ.കെ. സത്യൻ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും ഭാരവാഹികളായ സന്തോഷ് മണ്ണാർകുളം, കെ.എസ്. നിധിൻ, കെ.എ. ജോസ്, ബോബി വയലിൽ, ശശി കൊട്ടിയൂർ, പൈലി വാത്യാട്ട്, മാത്യു കൊച്ചുതറ, ജോർജുകുട്ടി വാളുവെട്ടിക്കൽ, ജയിംസ് കൊട്ടിയൂർ തുടങ്ങിയവർ ട്രക്കിങ്ങിന് നേതൃത്വം നൽകി.
ഉദ്ഘാടനത്തിനുശേഷം പാലുകാച്ചിമലയിലേക്ക് ട്രക്കിങ് നടത്തി. മണിക്കൂറോളം പാലുകാച്ചിമലയിൽ ചെലവഴിച്ച ട്രക്കിങ് സംഘം ഉച്ചക്കുശേഷം മലയിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.