കൊട്ടിയൂരിൽ സമാന്തരപാത: ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയായില്ല; ഗതാഗതക്കുരുക്കിൽ മലയോരം
text_fieldsകേളകം: അവധി ദിവസമായ ഞായറാഴ്ച കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങൾ ഒഴുകിയെത്തിയതോടെ ഗതാഗതക്കുരുക്കിൽ മലയോരം. വെള്ളിയാഴ്ച തുടങ്ങിയ ഗതാഗത കുരുക്ക് ഞായറാഴ്ച വൈകിയും തുടരുകയാണ്. ചെറുവാഹനങ്ങൾ ഇടതടവില്ലാതെ വന്നതിനൊപ്പം വലിയ വാഹനങ്ങൾ കൂടി എത്തിയത് കുരുക്ക് വർധിപ്പിച്ചു.
പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ, കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ്.ഐമാരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും ഗതാഗത തടസ്സം നീക്കാൻ രംഗത്തിറങ്ങി. മണിക്കൂറുകളോളം മഴയെയും വേനലിനെയും അവഗണിച്ചാണു പൊലീസും സന്നദ്ധ പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചത്.
കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലെ റോഡുകൾ എല്ലാം തന്നെ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം സ്തംഭിച്ചു. 10 കിലോമീറ്റർ ചുറ്റളവിലെ മലയോര ഹൈവേയിലെ വീടുകളുടെ മുറ്റത്തും സൗകര്യപ്രദമായ സ്ഥലത്ത് കൃഷിയിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയാണ് ഒടുവിൽ പൊലീസ് കുരുക്കഴിക്കാൻ ശ്രമിച്ചത്.
കൂടാതെ എല്ലാ പോക്കറ്റ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കി. കൊട്ടിയൂർ സമാന്തര പാതയിലും വാഹനം നിറയുകയും പാതയുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്തതും ഗതാഗത കുരുക്ക് രൂക്ഷമായി.
വീതി കുറഞ്ഞ കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡിലും ഗതാഗത തടസ്സം പ്രതിസന്ധി സൃഷ്ടിച്ചു. പൊലീസും സന്നദ്ധ പ്രവർത്തകരും നൽകിയ നിർദേശങ്ങൾ അവഗണിച്ച് തിരക്ക് കൂട്ടിയവരാണ് എല്ലാം റോഡുകളിലും കുരുക്ക് കഠിനമാക്കിയത്. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപവും പരിസര പ്രദേശങ്ങളിലും പാർക്കിങ് സൗകര്യം കുറഞ്ഞതാണ് ഗതാഗത കുരുക്കിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
ഒന്നോ രണ്ടോ യാത്രക്കാരുമായി ചെറു വാഹനങ്ങൾ കൂടുതലായി എത്തിയതാണ് ഗതാഗത കുരുക്കിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കാൽനടക്കാർക്ക് കടന്നു പോകാൻ ആവശ്യമായ സൗകര്യം മലയോര ഹൈവേക്ക് ഇല്ലാത്തതും ഗതാഗത തടസ്സം രൂക്ഷമാക്കി. കൊട്ടിയൂർ, ചുങ്കക്കുന്ന്,
കേളകം ടൗണുകളിലും വാരപ്പീടിക മഞ്ഞളാംപുറം റോഡിലും മുന്നോട്ട് നീങ്ങാനാകാതെ മണിക്കൂറുകളോളം കുരുക്കിൽ പെട്ടു കിടന്നു. പാർക്കിങ് സൗകര്യത്തിന്റെ അപര്യാപ്തത ഗതാഗതക്കുരുക്കിനെ കഠിനമാക്കി. 20 വർഷം മുമ്പ് കൊട്ടിയൂർ ഉത്സവ കാലത്ത് ഉണ്ടായ ഗതാഗത കുരുക്കിനെ തുടർന്നാണ് കൊട്ടിയൂരിലേക്ക് സമാന്തര പാത വേണം എന്ന ആവശ്യം ഉയർന്നത്. എന്നാൽ ഇതുവരെ സമാന്തര പാത പൂർത്തിയായില്ല.
പ്രധാനമന്ത്രിയുടെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചു എങ്കിലും പണികൾ ആരംഭിച്ചില്ല. മലയോര ഹൈവേക്ക് 12 മീറ്റർ നിശ്ചയിച്ചു എങ്കിലും ആകെ ടാറിങ്ങിന്റെ വീതി അഞ്ചര മീറ്റർ മാത്രമാണ്. റോഡ് പൂർണമായി തകർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം കുഴികൾ അടച്ചെങ്കിലും ഫുട്പാത്തോ, ഓവുചാലോ നിർമിക്കാത്തതിനാലും ടാറിങ്ങിന്റെ വീതി വർധിപ്പിക്കാത്തതിനാലും ഗതാഗതക്കുരുക്ക് അഴിക്കാനുള്ള സൗകര്യം റോഡിനില്ല.
അക്കരെ സന്നിധിയിൽ രാവിലെ തന്നെ കിഴക്കേ നടയിൽ ബാവലി പുഴ വരെ ക്യൂ ആരംഭിച്ചിരുന്നു. പടിഞ്ഞാറെ നടയിലും കിഴക്കെ നടയിലും ബാവലി പുഴയുടെ പാലം വരെ ക്യൂ നീണ്ടു. 15 കിലോമീറ്റർ ചുറ്റളവിൽ വിവിധ പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷം നടന്നു പോയി ദർശനം നടത്തിയവരും ഉണ്ട്. അഞ്ച് മണിക്കുറിൽ അധികം സന്നിധാനത്തിലെ ക്യൂ നീണ്ടു പോകുന്ന അവസ്ഥയുണ്ടായി.
ദേവസ്വം താൽകാലിക ജീവനക്കാർ ക്യൂ വിൽ നിന്നവർക്ക് കുടിവെള്ളം വിതരണം ചെയ്തത് ആശ്വാസമായി. അക്കരെ സന്നിധാനത്തെ പൊലീസ് ഓഫീസർ സജേഷിന്റെ നേതൃത്വത്തിലും ദേവസ്വം താൽക്കാലിക ജീവനക്കാരും ചേർന്ന് മണിക്കൂറുകളാണ് ഭക്തജനങ്ങളെ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.