വൈശാഖ മഹോത്സവ നഗരിയിൽ തീർഥാടക പ്രവാഹം
text_fieldsകൊട്ടിയൂർ: വൈശാഖ മഹോത്സവനഗരിയിലേക്ക് ഞായറാഴ്ച തീർഥാടക പ്രവാഹം. കൊട്ടിയൂർ പെരുമാളിന് ആയില്യം ചതുശ്ശതം നിവേദിക്കൽ ചടങ്ങ് നടന്നു. മഹോത്സവനാളുകളിലെ സുപ്രധാനമായ ആയില്യം ചതുശ്ശതമാണ് ദേവന് സമര്‍പ്പിച്ചത്.
പൊന്‍മലേരി കോറോത്ത് തറവാട് വകയാണ് സമര്‍പ്പിച്ചത്. നിവേദിച്ച പായസം ഭക്തർ പ്രസാദമായി നുകർന്നു. ആയില്യം നാളിലെ ശ്രീഭൂതബലിയോടെയാണ് അക്കരെ കൊട്ടിയൂരിലെ അഞ്ചാംഘട്ട ചടങ്ങുകള്‍ക്ക് തുടക്കമാവുക.
തിങ്കളാഴ്ച മകം കലംവരവ് നാൾ ഉച്ചശീവേലി വരെ മാത്രമേ സ്ത്രീകൾക്ക് ഉത്സവനഗരിയിലേക്ക് പ്രവേശനമുള്ളൂ. കലപൂജകൾക്കാവശ്യമായ മൺകലങ്ങൾ മുഴക്കുന്ന് നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിലാണ് എത്തിക്കുക.
10ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഞായറാഴ്ച നിരവധി ഭക്തജനങ്ങളാണ് കൊട്ടിയൂരില്‍ ദര്‍ശനം നടത്തിയത്. തിങ്കളാഴ്ച ഉച്ചശീവേലിയോടെ സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂരില്‍ ദര്‍ശനം സാധ്യമാവാത്ത സാഹചര്യത്തില്‍ ഞായറാഴ്ച സ്ത്രീകളും കുട്ടികളുമാണ് ദര്‍ശനം നടത്തിയവരില്‍ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.