കൊട്ടിയൂർ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്
text_fieldsകേളകം: കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ അറിയിച്ചു.
മേയ് 10 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ - അമ്പായത്തോട് പാൽചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെ ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറികളുടെയും ചരക്ക് വാഹനങ്ങളുടെയും സര്‍വിസ് നിരോധിച്ചു. ഉത്സവകാലത്ത് ബസുകൾക്ക് താൽക്കാലിക പെർമിറ്റുകൾ നൽകില്ല.
രണ്ടുവർഷം കോവിഡ് കാരണം, ഉത്സവം ചടങ്ങുകളിൽ മാത്രം ഒതുങ്ങിയതിനാൽ ഇക്കൊല്ലം ഭക്തരുടെ പ്രവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനാൽ ഉത്സവത്തിനെത്തുന്ന വാഹനങ്ങൾക്ക് വിപുല പാർക്കിങ് സൗകര്യമൊരുക്കും.
ഉത്സവ നഗരിയിൽ വാച്ച് ടവർ സ്ഥാപിച്ച് സായുധ പൊലീസിന്റെ നിരീക്ഷണമൊരുക്കും. ഇക്കരെ കൊട്ടിയൂര്‍, മന്ദംചേരി, അക്കരെ കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക പൊലീസിന്റെ ഔട്ട് പോസ്റ്റ് ഉണ്ടാകും. പൊലീസുകാരെ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിക്കായി നിയോഗിക്കും.
കൂടാതെ മാവോവാദി ഭീഷണി നേരിടാൻ പ്രത്യേക കമാൻഡോ സേനയുണ്ടാവും.
സിവിൽ പൊലീസിനെയും വിന്യസിക്കും. ക്ഷേത്ര പരിസരം, ബസ് സ്റ്റാൻഡ് തുടങ്ങിയവ സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. മഫ്ടിയിലും കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. സ്ത്രീകളെ ശല്യം ചെയ്യല്‍, മോഷണം, യാചകവൃത്തി എന്നിവ തടയുന്നതിനായി പ്രത്യേകം പൊലീസുകാരെ നിയോഗിക്കും.
ട്രാഫിക് സംവിധാനത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും മറ്റുമായി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. സുഗമമായ ഗതാഗതത്തിന് പൊതുജനങ്ങളുടെ സഹകരണം പൊലീസ് അഭ്യര്‍ഥിച്ചു. അക്കരെ കൊട്ടിയൂരിൽ ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ ഇ.സി.ജി സംവിധാനത്തിൽ ഒ.പി തുറക്കും. വിപുലമായ ആംബുലൻസ് സംവിധാനവും സജ്ജമാക്കും.
ഉത്സവത്തിന് മുന്നോടിയായി, വാട്ടർ അതോറിറ്റി നടത്തുന്ന പൈപ്പിടൽ നിർത്തിവെക്കും. ശുചിത്വം ഉറപ്പാക്കുന്നതിന് സംവിധാനമൊരുക്കും.
തിരക്കൊഴിവാക്കാൻ സമാന്തര പാതകളിലൂടെ വാഹനങ്ങൾ തിരിച്ചുവിടും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹമൊരുക്കും. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന്റെ സാന്നിധ്യത്തിൽ അവലോകന യോഗം നടന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ദേവസ്വം സീനിയർ ക്ലർക്ക് വി.കെ. സുരേഷ്, ക്ലർക്ക് കെ. ദേവൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.