കോവിഡ് കാലത്ത് കൃഷിയിൽ മികച്ച വിളവുമായി പൊലീസ്
text_fieldsകേളകം: കോവിഡ് കാലത്തെ ജോലിത്തിരക്കിനിടയിലും കൃഷി ചെയ്ത് മികച്ച വിളവുണ്ടാക്കിയ ആറളത്തെ പൊലീസ് സേനക്ക് ബിഗ് സല്യൂട്ട്. കരനെൽ കൃഷിയുടെ വിളനിലമായി ആറളം പൊലീസ് സ്റ്റേഷനിൽ കൊയ്തെടുത്തത് നൂറുമേനി. ആറളം പൊലീസ് സ്റ്റേഷനിലെ കരനെൽ കൃഷിയുടെയും മരച്ചീനി കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ നടത്തി.
പൊലീസ് സ്റ്റേഷൻ പരിധിയിലെ 50 സെൻറ് സ്ഥലത്താണ് കരനെല്ല്, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്തത്. കോവിഡ് കാലത്തെ ജോലിത്തിരക്കിനിടയിലും കൃഷി ചെയ്ത് മികച്ച വിളവ് ഉണ്ടാക്കിയെടുക്കാൻ ആറളം പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ഉൾെപ്പടെ സേനാംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ജ്യോതി നെല്ല്, പൂവൻ വാഴ, നാടൻ മരച്ചീനി എന്നിവ ജൈവരീതിയിൽ കൃഷി ചെയ്താണ് നൂറുമേനി വിളയിച്ചെടുത്തത്.
ആറളം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ. സുധീർ, എസ്.ഐ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരക്കുപിടിച്ച ജോലിക്കിടയിലും മണ്ണിൽ പൊന്നുവിളയിക്കാൻ മുഴുവൻ സേനാംഗങ്ങളും ഇറങ്ങിയത്. കഴിഞ്ഞ വർഷം ഇവിടെ 50 സെൻറ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് വിജയിപ്പിച്ചെടുത്ത അനുഭവത്തിൽനിന്നാണിവർ വൈവിധ്യമാർന്ന കൃഷികൾ ആരംഭിക്കാൻ തീരുമാനിച്ചത്. കൊയ്തൊഴിഞ്ഞ സ്ഥലത്ത് എള്ളുകൃഷി, പച്ചക്കറി കൃഷി എന്നിവയും സ്റ്റേഷൻ മുറ്റത്ത് മൺചട്ടിയിൽ പച്ചക്കറി കൃഷിയും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആറളം കൃഷിഭവെൻറ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കൃഷി. ആറളം കാർഷിക കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണവും പദ്ധതി നടപ്പിലാക്കുന്നതിന് ഉണ്ടായിട്ടുണ്ട്. വിളവെടുപ്പ് ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റൈഹാനത്ത് സുബി, എ.എസ്.ഐ അബ്ദുൽ നാസർ, കൃഷി ഓഫിസർ ജിംസി മരിയ, കൃഷി അസിസ്റ്റൻറ് സി.കെ. സുമേഷ്, സിബി, സന്തോഷ്, സുജിത്, ഷീബ, രഞ്ജിത്, സുരേഷ്, ആൽബിൻ അഗസ്റ്റിൻ, ഷമീർ, ഷാൽബിൻ, ടോമി കുടകശ്ശേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.