നിക്ഷേപ തട്ടിപ്പ്: നിക്ഷേപകരുടെ പണം നൽകാൻ നടപടി
text_fieldsകേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റിൽ മുൻ ഭരണസമിതികളുടെ കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ പണം ലഭിക്കാനുള്ള 371 നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടി ആരംഭിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡന്റ് രജീഷ് ബൂൺ, ജനറൽ സെക്രട്ടറി ബിബിൻ കടക്കുഴ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കൊച്ചിൻ രാജൻ, ജോൺസൻ നോവ, സാബു മുളന്താനം, കെ.പി. ജോളി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 371 നിക്ഷേപകർക്ക് രണ്ട് കോടി 80 ലക്ഷം രൂപയാണ് നൽകാനുള്ളത്.
പണം ലഭിക്കാനുള്ള നിക്ഷേപകരുടെയും നിലവിലെ ഭരണസമിതി നേതാക്കളുടെയും പേരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലവിലുള്ള ആസ്തിയായ വ്യാപാരഭവൻ കെട്ടിടം എഴുതി നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
നിക്ഷേപം ലഭിക്കാനുള്ളവർ 28ന് രേഖകളുമായി വ്യാപാരഭവനിലെത്തണം. കഴിഞ്ഞ രണ്ടു വർഷമായി പണം ലഭിക്കാനുള്ളവർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നതിനിടെയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം യൂനിറ്റിന്റെ ആസ്തിയായ വ്യാപാര ഭവൻ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാൻ തീരുമാനിച്ചത്. വ്യാപാരി നേതാക്കളും പൊലീസും ആക്ഷൻ കമ്മിറ്റിയും കൂടി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
മുൻകാല ഭരണസമിതികളുടെ സാമ്പത്തിക അച്ചടക്കല്ലായ്മയുടെയും ക്രമക്കേടിന്റെയും ഭാഗമായാണ് ഇത്തരമൊരു നിക്ഷേപ ക്രമക്കേട് നടന്നതെന്നും നിക്ഷേപകരുടെ പണം തിരികെ നൽകിയാൽ ഉടൻ ഉടൻ സംഘടനയിലേക്ക് തിരിച്ചു കിട്ടാനുള്ള മൂന്ന് കോടി രൂപ കുടിശ്ശിക തിരിച്ചുപിടിക്കാൻ നടപടികളുമായി മുന്നോട്ടു പോകുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.