കാട്ടാനകളിൽനിന്ന് സംരക്ഷണം; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒപ്പുശേഖരണം
text_fieldsകേളകം: കാട്ടാന ആക്രമണ ഭീതിയിൽ കഴിയുന്ന ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും തൊഴിലിടത്തിലെ സുരക്ഷിതത്വം തേടി മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒപ്പുശേഖരണം നടത്തി.
ആറളം ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 80 ശതമാനവും ഫാം പുനരധിവാസ മേഖലയിലുള്ള പട്ടികവർഗ സ്ത്രീ തൊഴിലാളികളാണ്. ഇവർ 24 മണിക്കൂറും വന്യമൃഗ ഭീഷണിയിലാണ് ജീവിക്കുന്നത്. കാട്ടാന ആക്രമണം ഭയന്ന് തൊഴിലിടങ്ങളിൽ ജോലി ചെയ്യുവാൻ സാധിക്കാത്ത സ്ഥിതിയാണ്.
ആറളം ഫാമിലും പട്ടികവർഗ പുനരധിവാസ മേഖലയിലുമായി കാട്ടാന ആക്രമണത്താൽ ഇതുവരെ 14 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആറളം ഫാമിലെ തൊഴിലിടങ്ങളിൽ കാട്ടാന ആക്രമണത്തിൽ പലതൊഴിലാളികൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദിവസവും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ആറളം ഫാമിൽ ഇവർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജോലിക്കിടെ ഒരാളെ കാട്ടാന ആക്രമിച്ചു.
നട്ടെല്ല് പൊട്ടി ഗുരുതരാവസ്ഥയിൽ ഇയാൾ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലാണ്. ആറളം ഫാമിലെ വിളകളിൽ ഭൂരിഭാഗവും ഇതിനോടകം വന്യമൃഗങ്ങൾ നശിപ്പിച്ചു. ശേഷിക്കുന്നവയിലെ ആദായം കാട്ടാന ഭീഷണിമൂലം ശേഖരിക്കാൻ സാധിക്കുന്നില്ല.
ഇതിനാൽ ആറളം ഫാമിന് വരുമാന നഷ്ടം സംഭവിക്കുകയും തൊഴിലാളികൾക്ക് പണിക്കൂലി പോലും ലഭിക്കാത്ത സ്ഥിതി സംജാതമാവുകയും ചെയ്യുന്നു. നിലവിൽ ആറളം ഫാമിൽ അഞ്ച് മാസത്തെ വേതനം ലഭിക്കാനുണ്ട്. കൂടാതെ ഇ.പി.എഫ്, എൽ.ഐ.സി തുക പോലും രണ്ടു വർഷമായി അടച്ചിട്ടില്ലെന്ന് പറയുന്നു.
ആറളം ഫാം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിന്റെ പ്രധാന കാരണം കാട്ടാനകളുടെ കടന്നുകയറ്റമാണ്. നാലായിരത്തോളം ഏക്കർ വരുന്ന ആറളം ഫാമിൽ നിലവിൽ 70 ൽ അധികം കാട്ടാനകൾ തമ്പടിക്കുന്നുണ്ട്. കാട്ടാനകളെ ആറളം ഫാമിൽനിന്ന് വനത്തിലേക്ക് കൊണ്ടുപോകുന്നതിന് വനം വകുപ്പു സത്വര നടപടി എടുക്കുന്നില്ല.
വന്യമൃഗ ശല്യത്താൽ കൃഷി നാശം സംഭവിച്ചതുമൂലം ഇപ്പോൾ ആറളം ഫാം മരുഭൂമിക്ക് സമമായി. ആറളം ഫാം ആനമതിലിന്റെ ജോലി പുരോഗമിക്കുന്നുണ്ടെങ്കിലും പ്രാവർത്തികമാകാൻ ഏറെ സമയമെടുക്കും.
ആനമതിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള ഭാഗത്ത് താൽക്കാലിക സൗരോർജ വേലി നിർമിച്ചിട്ടുള്ളതിനാൽ ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ വനത്തിലേക്ക് കയറ്റിയാൽ നിലവിലുള്ള പ്രശ്നം ഒരുപരിധിവരെ പരിഹരിക്കുവാൻ സാധിക്കും.
കാട്ടാനകളെ തുരത്തി ജീവനും സ്വത്തിനും മതിയായ സംരക്ഷണം ലഭിക്കുന്നതിനും തൊഴിലിടങ്ങളിൽ ഭയരഹിതമായി ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഉണ്ടാകുന്നതിനും നടപടി ആവശ്യപ്പെട്ടാണ് ആറളം ഫാമിലെ തൊഴിലാളികൾ പരാതി നൽകിയത്. നൂറു കണക്കിന് തൊഴിലാളികൾ ഫാമിന്റെ ഓടംതോട് കേന്ദ്ര ഓഫിസിൽ സംഗമിച്ചാണ് ഒപ്പുശേഖരണം നടത്തിയത്.
നഷ്ടക്കയത്തിലായ ആറളം ഫാമിനെ രക്ഷിക്കാനും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താതെ കഴിയില്ലെന്നും സർക്കാർ സഹായം അനിവാര്യമാണെന്നും ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ നിധീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.