കാറ്റും മഴയും; കേളകത്തും കരിക്കോട്ടക്കരിയിലും വ്യാപക നാശം
text_fieldsകേളകം: കനത്ത മഴയോടൊപ്പമുണ്ടായ അതിശക്തമായ കാറ്റിൽ മലയോരത്ത് കനത്ത നാശനഷ്ടം. കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിലെ നിരവധി സ്ഥലങ്ങളിലാണ് തിങ്കളാഴ്ച ഉച്ചയോടെ വീശിയടിച്ച കാറ്റ് നാശം വിതച്ചത്.
കൊട്ടിയൂരിന്റെ വിവിധ ഭാഗങ്ങളിൽ വന്മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറും തകർന്നു. അക്കരെ കൊട്ടിയൂരിലും ഇക്കരെ ക്ഷേത്ര പരിസരങ്ങളിലും ആയില്യാർ കാവിലും പ്രധാന പാതയോരത്തും നിരവധി വന്മരങ്ങൾ കടപുഴകി നാശനഷ്ടങ്ങളുണ്ടായി.
കണ്ടപ്പുനം, മന്ദംചേരി, പാമ്പറപ്പാൻ പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു. നിരവധി കർഷകരുടെ കാർഷിക വിളകൾ നശിച്ചു. മിനിറ്റുകൾ മാത്രം നീണ്ട കാറ്റിൽ മലയോരം നടുങ്ങി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി.
കേളകം പഞ്ചായത്തിലെ കണ്ടംതോട്, വെള്ളൂന്നി പ്രദേശങ്ങളിലെ മൂന്ന് വീടുകൾ തകർന്നു. തിങ്കളാഴ്ച പന്ത്രണ്ടരയോടെയാണ് കാറ്റ് വീശിയടിച്ചത്. വെണ്ടേക്കുംചാൽ, ശാന്തിഗിരി, വെള്ളൂന്നി, നരിക്കടവ്, മഞ്ഞളാംപുറം, കണ്ടംതോട്, പൂക്കുണ്ട്, ഇല്ലിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. കെ.എസ്.ഇ.ബിക്കും കേബിൾ ടി.വി ഓപറേറ്റർമാർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
മണത്തണ-അമ്പായത്തോട് മലയോര ഹൈവേ റോഡിൽ പല സ്ഥലങ്ങളിലും മരം കടപുഴകി ഗതാഗത തടസ്സം നേരിട്ടു. കേളകം നാനാനി പൊയിൽ ശശിയുടെ വീടിനോടു ചേർന്ന് തെങ്ങ് കടപുഴകി വീടിന് തകരാർ സംഭവിച്ചു. കുന്നാണ്ടാത്ത് സുരേഷിന്റെ വീടിന്റെ മേൽക്കൂരയും കാറ്റിൽ തകർന്നു.
പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയില്‍ കുറുമ്പുറത്ത് ജോമിഷിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. പേരാവൂര്‍ തെരുവത്ത് തേക്കുമരം ഇലക്ട്രിക് ലൈനിലേക്ക് വീണു. കണിച്ചാര്‍-ചാണപ്പാറ -ചന്ദമാംകുന്നില് റോഡിലേക്ക് മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.
കേളകം പഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിലാണ് മരം വീണത്. വൈദ്യുതി ലൈനുകൾ തകർന്നതിനാൽ മലയോരത്തിന്റെ വിവിധ ഭാഗങ്ങൾ ഇരുട്ടിലായി. അഗ്നിശമന സേനാംഗങ്ങളും ദുരന്തനിവാരണ സംഘവും വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുനീക്കി.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ തീവ്രശ്രമത്തിലാണ് കെ.എസ്.ഇ.ബി. കനത്ത കാറ്റിൽ റോഡിലേക്ക് മരങ്ങളും, വൈദ്യുതി പോസ്റ്റുകളും വീണതിനാൽ കൊട്ടിയൂർ-വയനാട് പാതയിൽ ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു.
ഇരിട്ടി: ശക്തമായ മഴയിലും കാറ്റിലും അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി മേഖലയിൽ വ്യാപക നാശനഷ്ടം.
കരിക്കോട്ടക്കരി ഉരുപ്പംകുറ്റി റോഡിൽ കൃഷിഭവന് സമീപം പൊതുമരാമത്ത് റോഡിലെ കൂറ്റൻ വാകമരത്തിന്റെ ശിഖരം പൊട്ടിവീണു. വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ കൂറ്റൻ ശിഖരം പുരയിടത്തിലെ തെങ്ങും മാവും അടക്കം നിരവധി ഫലവൃക്ഷങ്ങൾ നശിപ്പിച്ചു.
വീടിന്റെ മതിലടക്കം തകർന്ന നിലയിലാണ്. ഭാഗ്യംകൊണ്ടാണ് വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടാവസ്ഥയിലായ വാകമരം മുറിച്ചുമാറ്റണമെന്ന് പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല. കേടുവന്ന ശിഖരം വീണതോടെ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മറ്റു രണ്ട് ശിഖരങ്ങൾ അപകടാവസ്ഥയിലായി.
വിദ്യാർഥികൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വേരടക്കം ദ്രവിച്ചുതുടങ്ങിയ മരം ഏത് നിമിഷവും പൊട്ടിവീഴുന്ന നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ കരിക്കോട്ടക്കരി എസ്.ഐ പ്രഭാകരന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചുനീക്കി. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡൻറ് ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ചാക്കോ, കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടതിൽ എന്നിവർ നേതൃത്വം നൽകി.
മരം പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു
കരിക്കോട്ടക്കരി പതിനെട്ടേക്കർ റോഡിൽ വീട്ടുമുറ്റത്തേക്ക് തേക്കുമരം പൊട്ടിവീണു. ഒറവാറന്തറ ജിന്നിയുടെ വീട്ടുമുറ്റത്തേക്കാണ് സമീപത്തെ പുരയിടത്തിലെ തേക്കുമരം പൊട്ടിവീണത്. പല തോട്ടങ്ങളിലും റബർമരങ്ങൾ പൊട്ടിവീണിട്ടുണ്ട്.
ജിന്നിയുടെ വീടിന്റെ മതിലിന് കേടുപാട് സംഭവിച്ചു. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ കരിക്കോട്ടക്കരി പൊലീസ് സ്ഥലമുടമയെ വിളിച്ചുവരുത്തി അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചു.
അയ്യൻകുന്നിൽ വൈദ്യുതി തടസ്സപ്പെട്ടു
അയ്യൻകുന്നിലെ വിവിധ മേഖലകളിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി എടൂർ സെക്ഷന്റെ കീഴിൽ നിരവധി പോസ്റ്റുകൾ തകർന്നു. ഇതോടെ മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ആനപ്പന്തി കഞ്ഞിക്കണ്ടം റോഡിൽ തെങ്ങ് വീണ് ആറ് എച്ച്.ടി പോസ്റ്റുകൾ തകർന്നു. വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. എടൂർ സെക്ഷന്റെ കീഴിൽ ആറ് എച്ച്.ടി പോസ്റ്റുകളും 20ഓളം എൽ.ടി പോസ്റ്റുകളും തകർന്നു. 20ഓളം സ്ഥലത്ത് മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടി വൈദ്യുതി മുടങ്ങിയിട്ടുണ്ട്.
മട്ടന്നൂരില്‍ മരം കടപുഴകി
മട്ടന്നൂര്‍: മട്ടന്നൂരില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി. മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് മുന്നിലൂടെ കണ്ണൂര്‍ റോഡിലേക്കുള്ള ബൈപാസിലാണ് മരം കടപുഴകിയത്. റോഡിന് കുറുകെ മരം ഇലക്ട്രിക്ക് ലൈനിലേക്ക് വീണതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒപ്പം പ്രദേശത്തെ വൈദ്യുതിയും തടസ്സപ്പെട്ടു. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരെത്തി മരം മുറിച്ചുനീക്കുകയായിരുന്നു. കൗണ്‍സിലര്‍ ശ്രീജേഷ് പരിയാരം, നേതാക്കളായ സരീഷ് പൂമരം, പി.കെ. അഭിനാഷ്, അഖില്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
എടയന്നൂരിലെ അനസിന്റെ വീടിനു മുകളില്‍ മരം വീണു. വീടിന്റെ സൺഷേഡ് ഉള്‍പ്പെടെയുള്ള ഭാഗം തകര്‍ന്നു. എടയന്നൂരിലെ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ഷബീര്‍ എടയന്നൂര്‍, സാബിത്ത്, സലാം എന്നിവര്‍ നേതൃത്വം നല്കി.
ഇല്ലംമൂല അയ്യപ്പ ക്ഷേത്രത്തിന് സമീപം റോഡിന് കുറുകെ മുറിഞ്ഞുവീണ മരം വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. കൗണ്‍സിലര്‍ എ. മധുസൂദനന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.