സൗഹൃദച്ചെപ്പുകളാണ്, ഓരോ റമദാൻ രാവുകളും
text_fieldsകേളകം: റമദാനായാൽ അടക്കാത്തോട്ടുകാർക്ക് സൗഹൃദം പുതുക്കാനുള്ള വേദി കൂടിയാണ്. ഒരുമയുടെ സന്ദേശം പകരുന്ന സൗഹൃദ വേദിയായി അടക്കാത്തോട്ടിലെ സമൂഹ നോമ്പ് തുറ ഇന്നും നിലനിൽക്കുന്നുണ്ട്. ഒരു നാട്ടിലെ നോമ്പുകാരിൽ അധികപേരും ഒരിടത്ത് സംഗമിച്ച് സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദിയാവുകയാണ് അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദിലെ സമൂഹ നോമ്പ് തുറ. പതിറ്റാണ്ടുകൾക്ക് മുമ്പാണ് തുടക്കമിട്ടത്.
കോവിഡിൽ രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിച്ച് സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടിയവർ എല്ലാം മറന്ന് കൂട്ടായ്മയുടെ ഭാഗമായി ഇവിടെ സംഗമിച്ച് ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് നോമ്പ് തുറന്ന് മടങ്ങുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കെത്തി താമസിക്കുന്നവരും പള്ളിയിലെ നോമ്പ് തുറ സംഗമത്തിനെത്താറുണ്ട്. ഇരുപത്തിയഞ്ചിലധികം വർഷമായി നോമ്പ്കാർക്കായി സവിശേഷമായ നോമ്പ് കഞ്ഞിയും വിതരണമുണ്ട്. ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിൽ എത്തുന്ന എല്ലാവർക്കും പാർസലായി നൽകും.
നോമ്പ് തുറക്കായി വിഭവങ്ങളെത്തിക്കാൻ മൽസരിക്കുകയാണ് നാട്ടുകാർ. നോമ്പ് തുറ വിഭവങ്ങളും നോമ്പ് കഞ്ഞിയും ഓരോ ദിവസവും വെവ്വേറെ ആളുകളാണ് സ്പോൺസർ ചെയ്ത് സൗകര്യപ്പെടുത്തുന്നത്. നാരങ്ങ വെള്ളം, പഴവർഗങ്ങൾ, ചായ, ഈത്തപ്പഴം, തുടങ്ങി പലഹാരങ്ങളുടെ വൈവിധ്യങ്ങളും തയാറാക്കി വിതരണം ചെയ്യുന്ന സ്നേഹസംഗമത്തിന്റെ സൗഹാർദ വേദി കൂടിയാണ് അടക്കാത്തോട്ടിലെ സമൂഹ നോമ്പുതുറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.