നിടുംപൊയിൽ ചുരം: പുനർനിർമാണം തുടങ്ങി
text_fieldsകേളകം: തീവ്രമഴയെ തുടർന്നുണ്ടായ ഭൂമിവിള്ളലിൽ തകർന്ന മാനന്തവാടി-നിടുംപൊയിൽ ചുരം പാതയുടെ പുനർനിർമാണം ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിന് ശേഷമാണ് ചുരംപാതയുടെ പുനർനിർമണം വേഗത്തിലാക്കാൻ തീരുമാനമായത്. പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ നിർദേശപ്രകാരം എക്സിക്യൂട്ടിവ് എൻജിനിയറുടെയും അസി. എക്സിസിക്യൂട്ടിവ് എൻജിനീയറുടെയും മേൽനോട്ടത്തിൽ പാതയുടെ പുനർനിർമാണം കുറ്റമറ്റരൂപത്തിൽ പൂർത്തിയാക്കാൻ നടപടിയാരംഭിച്ചതായി അധികൃതർ അറിയിച്ചു.
ചുരംപാത അടിയന്തിരമായി പുനർനിർമിക്കണമെന്ന് ആവശ്യവുമായി കണിച്ചാർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം 30നാണ് തകർന്ന നെടുംപൊയില്‍ ചുരം വഴിയുളള ഗതാഗതം പൊതുമരാമത്ത് വകുപ്പ് നിരോധിച്ചത്. ചുരത്തിലെ നാലമത്തെ ഹെയര്‍പിന്‍ വളവിന് സമീപം വലിയ വിള്ളല്‍ രൂപപ്പെടുകയും റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തതോടെയാണ് ഗതാഗതം നിരോധിച്ചത്. പാതയുടെ 40 മീറ്റർ ഭാഗമാണ് തകർന്നത്. ഈ ഭാഗത്ത് ഒമ്പത് മീറ്റർ ഉയരത്തിൽ നിർമിച്ച സുരക്ഷഭിത്തി ഇടിഞ്ഞ് താഴ്ന്നത് നീക്കംചെയ്ത ശേഷം പാറ കണ്ടെത്തിയാണ് പുനർനിർമാണം നടത്തുക.
ഇത്രയും ഭാഗത്തെ മണ്ണ് നീക്കം ചെയ്യും. മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ചൊവ്വാഴ്ച ആരംഭിച്ചു. കൂത്തുപറമ്പ് ആസ്ഥാനമായ കോൺട്രാക്ടിങ് കമ്പനിക്കാണ് പുനർനിർമാണ ചുമതല. അസി. എക്സിക്യൂട്ടിവ് എൻജിനിയർ ആശ, അസി. എൻജിനിയർ വി.വി. പ്രസാദ്, കണിച്ചാർ പഞ്ചായത്തംഗം ജിമ്മി അബ്രഹാം, വി.വി. രാജൻ തുടങ്ങിയവർ സ്ഥലത്തെത്തി മേൽനോട്ടം വഹിച്ചു.
നെടുംപൊയില്‍ ചുരത്തിലൂടെയുളള ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചതോടെ നിരവധിയാളുകൾ ദുരിതത്തിലായിരുന്നു. ഇരു ജില്ലകളിലേക്കുമുള്ള ചരക്ക് വാഹനങ്ങളുടെ നീക്കം നിലച്ചതോടെ കടുത്ത പ്രതിസന്ധിയുടലെടുത്തു.
ചുരം പാതയുടെ പുനർനിർമാണം വേഗത്തിൽ പൂർത്തിയാക്കിയില്ലങ്കിൽ ജന രോഷം ഉയരുമെന്ന് കണിച്ചാർ-ഏലപ്പീടികവാർഡ് മെംബർ ജിമ്മി അബ്രഹാം പറഞ്ഞു. കൂടുതൽ യന്ത്രങ്ങളെത്തിച്ച് സാങ്കേതികമികവിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചുരം പാത പുനർനിർമിച്ച് ഗതാഗതം പുനസ്ഥാപിക്കണമെന്നും ജിമ്മി പറഞ്ഞു.
ബുധനാഴ്ച മുതൽ കൂടുതൽ മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പറുകളും എത്തിച്ച് പ്രവൃത്തി വേഗത്തിലാക്കുന്നതിന് നടപടിയുണ്ടാവുമെന്ന് പി.ഡബ്ല്യു.ഡി എൻജിനിയർമാരും കരാറുകാരനും ഉറപ്പ് നൽകിയതായി ജിമ്മി അബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.