ആറളത്തെ ഭൂമിയിൽ പുനരധിവാസ കുടുംബങ്ങൾക്ക് ദുരിതജീവിതം
text_fieldsകേളകം: ആറളം ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി നാല് ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള 3500ഓളം ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതം നൽകിയെങ്കിലും ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് രണ്ടായിരത്തോളം പേർ മാത്രമാണെന്ന് ട്രൈബൽ മിഷൻ രേഖകൾ. അവശേഷിച്ച 1500 കുടുംബങ്ങൾ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ആറളം ഫാം കാട് കയറി കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ താവളമാക്കാൻ കാരണം.
ഫാമിൽ ബ്ലോക്ക് ഏഴിലും 10ലൂമായി മറ്റ് ജില്ലകളിൽ നിന്നുള്ള നാനൂറോളം കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല. ഭൂമി ലഭിച്ച കൂടുംബങ്ങൾ ഫാമിലെത്തി താമസിക്കണമെന്ന് ട്രൈബൽ റവന്യൂ വകുപ്പുകൾ പലതവണ അറിയിച്ചിട്ടും പുനരധിവാസ കുടുംബങ്ങൾ ഗൗനിക്കാത്തത് അധികൃതരെ പ്രതിസന്ധിയിലാക്കി.
ഇതിനിടെ കാട്ടാനകളുടെയും മറ്റ് കാട്ടു മൃങ്ങളുടെയും ശല്യം രൂക്ഷമായതിനെത്തുടർന്ന് 100 കണക്കിന് പുനരധിവാസ കൂടുംബങ്ങൾ പലായനം ചെയ്തതും ആറളം ഫാമിൽ കൃഷിയിടങ്ങൾ കാടുകയറാൻ കാരണമായി. ആറളത്തെ വന്യജീവി ശല്യം ശാശ്വതമായി പരിഹരിച്ചാൽ മാത്രമെ മടങ്ങിയെത്തൂ എന്ന നിലപാടിലാണ് അവർ.
വനവും ഫാമൂം വ്യത്യാസമില്ലാതെയാണ് കാടു മൂടിയ നിലയിലാണ് വിവിധ ബ്ലോക്കിലെ കൃഷിയിടങ്ങൾ. ആറളം കാർഷിക ഫാമിലെ ഭൂമിയും കാടുമൂടിയ നിലയിലാണ്.
കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് ജനജീവിതം ഭീഷണിയിലായ ആറളം ഫാമിൽ പുനരധിവാസ കുടുംബങ്ങൾ കടുത്ത ഭീതിയിലാണ്. കാട്ടിലുള്ളതിനേക്കാൾ വന്യജീവികൾ ആറളം ഫാമിലാണുള്ളതെന്നാണ് പുനരധിവാസ കൂടുംബങ്ങളുടെ വാദം. ആറളം ആദിവാസി പുനരധിവാസ മേഖലയും ആറളം ഫാമും ആനകൾ കൈയടക്കിയപ്പോൾ വനപാലകർ ഇവയെ തുരത്താൻ വിയർക്കുകയാണ്.
ഫാമിനോട് അതിർത്തി പങ്കിടുന്ന കൊട്ടിയൂർ, ആറളം വനാതിർത്തികളിൽ പൂർണമായി സംരക്ഷണ മതിൽ സ്ഥാപിക്കാത്തതാണ് കാട്ടു മൃഗങ്ങളുടെ ആറളം ഫാമിലെ വിഹാരത്തിന് കാരണം. ആന മതിൽ നിർമാണം ആരംഭിച്ചെങ്കിലും പ്രവൃത്തി ഇഴയുകയാണ്.
വന്യജീവികളെ ഫാമിൽ നിന്ന് അകറ്റുന്നതിനായി പുനരധിവാസ ഭൂമിയിലെയും കാർഷിക ഫാമിലെയും വൻ കാടുകൾ തെളിക്കണമെന്നാണ് ആവശ്യം. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 12 പേരാണ് മരിച്ചത്. കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണവും നിരവധിയാണ്. മുമ്പ് കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചപ്പോൾ ആറളം പുനരധിവാസ മേഖലയിലെ കാട് വെട്ടിത്തെളിക്കാൻ തീരുമാനമായിരുന്നു. ഇത് ഇനിയും ഫലപ്രദമായി നടപ്പായില്ല.
കാട് തെളിക്കൽ സമയബന്ധിതമായി നടപ്പാക്കുകയും ഫാമിലെ ഭൂമി ലഭിച്ചിട്ടും ഏറ്റെടുത്ത് താമസമാക്കാത്തവരുടെ ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് നൽകുകയും വേണമെന്നാണ് ആവശ്യം. ഫാമിൽ താമസിക്കാത്തവരുടെ പട്ടയങ്ങൾ തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പ് നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.