ആറളത്തെ 14 കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി; നടപടി ഊർജിതമാക്കിയതായി റവന്യൂ വകുപ്പ്
text_fieldsകേളകം: ആറളം ഫാമിൽ പതിറ്റാണ്ടുകളായി പുനരധിവാസം കാത്തുകഴിഞ്ഞ 14 കർഷക കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടി ഊർജിതമാക്കിയതായി ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് വേഗത്തിൽ തീർപ്പാക്കും. മുമ്പ് വള്ളിയാട് വയലിൽ നിയമക്കുരുക്കിലുള്ള ഭൂമിക്ക് പകരം ആറളം ചെങ്കായത്തോട്ടിൽ കണ്ടെത്തിയ ഭൂമിയോ, പടിയൂർ വില്ലേജിൽ താമസയോഗ്യമായ ഭൂമിയോ അനുവദിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
ഇതിൽ പടിയൂരിലെ ഭൂമി നൽകാൻ തീരുമാനിച്ചെങ്കിലും വാസയോഗ്യമല്ലെന്ന് ഗുണഭോക്തൃ കുടുംബങ്ങൾ പറഞ്ഞതിനാൽ നടപ്പായില്ലെന്നും തഹസിൽദാർ പറഞ്ഞു.
പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകാത്ത ആറളത്തെ കുടുംബങ്ങളുടെ ദുരിതം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ആറളത്ത് ജന്മിയായിരുന്ന എ.കെ. കുഞ്ഞമ്മായൻ ഹാജിയുടെ ജോലിക്കാരായി അരനൂറ്റാണ്ടുമുമ്പ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ 32 കുടുംബങ്ങളിൽ 14 കുടുംബങ്ങളിലെ അംഗങ്ങളാണ് ഒരുതുണ്ട് ഭൂമിക്കായി അലയുന്നത്.
പരിഹാരമുണ്ടാക്കും - എം.എൽ.എ
ആറളത്തെ 14 കുടുംബങ്ങൾക്ക് ഭൂമി നൽകാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ തലത്തിലും, വകുപ്പ് തലത്തിലും ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. 14 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തിയെങ്കിലും നിയമപ്രശ്നത്തെ തുടർന്ന് മുടക്കം നേരിട്ടു. പകരം ഭൂമി കണ്ടെത്തി നൽകുകയോ, നിയമക്കുരുക്കിൽപെട്ട ഭൂമി സംബന്ധിച്ച കേസ് പരിഹരിച്ച് അർഹരായ 14 കുടുംബങ്ങളുടെ ഭൂമി നൽകുകയോ ചെയ്യുന്നതിന് നടപടികൾ വേഗത്തിലാക്കാൻ ഇരിട്ടി തഹസിൽദാർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.
ഭൂമിപ്രശ്നം ഉടൻ പരിഹരിക്കണം - ആക്ഷൻ കമ്മറ്റി
ആറളത്തെ 14 കുടുംബങ്ങളുടെ ഭൂമിപ്രശ്നം ഉടൻ പരിഹരിക്കണമെന്നും പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ആക്ഷൻ കമ്മിറ്റി നേതാക്കളായ റഹിയാനത്ത് സുബി ഷെരീഫ് മേലേക്കളം, ടി. അബ്ദുൽ റസാഖ്, റസാഖ് പാറക്കണ്ണി, ഹംസ ചെന്നങ്കുന്നേൽ, കളത്തിങ്കൽ മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.