'റൊളീനിയ' മലയോരത്തും ഫലമണിഞ്ഞു
text_fieldsകേളകം: വിദേശയിനം അപൂർവ പഴവൃക്ഷത്തൈ റൊളീനിയ മലയോരത്തും ഫലമണിഞ്ഞു. വിദേശ ഫലവർഗങ്ങളുടെ അപൂർവ ശേഖരമുള്ള അടക്കാത്തോട്ടിലെ കുന്നത്ത് ബേബിയുടെ കൃഷിയിടത്തിലാണ് സീതപ്പഴത്തിെൻറ ബ്രസീലിയൻ ബന്ധുവായ 'റൊളീനിയ' വിളഞ്ഞത്. വർഷങ്ങൾക്കുമുമ്പ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിച്ച റൊളീനിയ തൈയാണ് ഇപ്പോൾ ഫലമണിഞ്ഞത്. മധുരമേറിയ വലിയ കായ്കളും പുറത്തെ ശൽക്കങ്ങൾപോലെയുള്ള തൊലിയും ഇതിനെ വ്യത്യസ്തമാക്കുന്നു.
സീതപ്പഴച്ചെടിയേക്കാൾ ഉയരത്തിൽ ധാരാളം ശാഖകളോടെ വളരുന്ന റൊളീനിയ മൂന്നുവർഷത്തിനുള്ളിൽ പുഷ്പിച്ച് കായ്കൾ ഉണ്ടായിത്തുടങ്ങും. വർഷത്തിൽ പലതവണ ഫലം തരുന്ന പതിവും ഇവക്കുണ്ട്. റൊളീനിയ പഴങ്ങളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൾ കിളിർപ്പിച്ചെടുക്കുന്ന തൈകൾ നട്ടുവളർത്താം. പോഷക സമൃദ്ധവും ഏറെ രുചികരവുമായ പഴമാണിത്. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം.
ആവശ്യത്തിനുള്ള ഉയരത്തിൽ മുകൾഭാഗം മുറിച്ച് റൊളീനിയ മരം പരമാവധി ശിഖരങ്ങൾ വളർത്തുന്നതാണ് ഉചിതം. ഇങ്ങനെ വളർത്തിയാൽ പഴങ്ങൾ നിലത്തുനിന്നുതന്നെ ശേഖരിക്കാം. കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന റൊളീനിയയുടെ തൈകൾ മറ്റുള്ളവർക്കും വിതരണം നടത്തുന്നതിെൻറ ഒരുക്കത്തിലാണ് വൈവിധ്യങ്ങളുടെ വിത്തുകളെറിഞ്ഞ് വിളവ് കൊയ്യുന്ന മലയോരത്തിെൻറ പ്രിയങ്കരനായ കുന്നത്ത് ബേബി എന്ന കെ.വി. വർഗീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.