റബർ വില കുതിക്കുന്നു; ഒമ്പത് വർഷത്തിനിടെ ഉയർന്ന വില
text_fieldsകേളകം: കനത്ത മഴ മൂലമുണ്ടായ പ്രതിസന്ധിക്കിടെ റബർ വിപണി ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയായി. വിപണിയില്‍ റബര്‍ വിലയില്‍ കാണുന്ന ഉണർവ് തുടര്‍ന്നാല്‍ റബറിന് വില കിലോഗ്രാമിന് 185 രൂപ നിലവാരത്തിലെത്തിയേക്കാമെന്ന് സൂചന. കിലോഗ്രാമിനു 183 രൂപയാണ് വ്യാഴാഴ്ച റബർ ബോർഡ് വില.
വിപണിയില്‍ റബറിന് 2012നുശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. മലയോര മേഖലയില്‍ വ്യാഴാഴ്ച 182 രൂപ വരെ വിലക്ക് വ്യാപാരം നടന്നു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന. വില 200 രൂപയില്‍ എത്താനുള്ള സാധ്യതയും വ്യാപാരികള്‍ പ്രവചിക്കുന്നു.
മൂന്നുമാസം മുമ്പ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു. ആഭ്യന്തര വിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണം. ഒക്ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ടാപ്പിങ് നിലച്ച അവസ്ഥയാണ്. നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ഒട്ടുപാൽ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ 10 രൂപ വര്‍ധിച്ച് 110 രൂപക്കാണ് വ്യാപാരം നടന്നത്. ഇറക്കുമതിയിലുണ്ടായിട്ടുള്ള ഇടിവും ഉപഭോഗത്തിലെ വര്‍ധനയും മഴമൂലമുള്ള ലഭ്യതക്കുറവുമൊക്കെയാണു റബര്‍ വിലയെ ഇപ്പോഴത്തെ വിലനിലവാരത്തിലേക്കു നയിച്ചത്.
അന്താരാഷ്ട്ര വിപണിയിലും അനുകൂല സാഹചര്യമായതിനാല്‍ പെട്ടെന്നൊരു വിലത്തകര്‍ച്ച ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, പ്രതികൂല കാലാവസ്ഥമൂലം വില ഉയര്‍ച്ചയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ഭാഗികമായേ ലഭിക്കൂ. മഴമൂലം ഉൽപാദനം ഗണ്യമായി കുറവാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.