വേതനം മുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു; ആറളം ഫാം തൊഴിലാളികൾ സമരത്തിലേക്ക്
text_fieldsകേളകം: നഷ്ടക്കയത്തിലായ ആറളം ഫാമിൽ രണ്ടുമാസമായി വേതനം മുടങ്ങിയതിനെത്തുടർന്ന് തൊഴിലാളികളും ജീവനക്കാരും വീണ്ടും സമരത്തിലേക്ക്. ഓണക്കാലത്ത് ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയായി ഇവർ നാലിന് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതുമൂലം കുടിശ്ശിക ശമ്പളം നൽകാനുള്ള ശേഷി ഇപ്പോൾ ഫാമിനില്ല. ഈ സാഹചര്യം മൂലം ഓണക്കാലത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടിശികയായി കിടക്കുന്നത് വൻ പ്രതിഷേധത്തിനിടയാക്കും. ഫാമിൽ 240 ദിവസം തൊഴിൽ ചെയ്ത ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ആറുമാസം മുമ്പ് എടുത്ത തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്ലാന്റേഷൻ തൊഴിലാളികളെ ഫാം തൊഴിലാളികളായി പരിഗണിച്ച് അവർക്ക് നൽകുന്ന സേവന വേതന വ്യവസ്ഥകൾ നൽകാനും എടുത്ത തീരുമാനവും നടപ്പിലാക്കിയിട്ടില്ല. നാനൂറ്റി ഇരുപത്തിയഞ്ചോളം പേരാണ് തൊഴിലാളികളും ജീവനക്കാരുമായി ഫാമിൽ ജോലിചെയ്യുന്നത്. ഇതിൽ 300ൽ അധികം പേരും ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരാണ്. ഏപ്രിൽ മാസമാണ് ഇവർക്ക് അവസാനമായി ശമ്പളം കിട്ടിയത്. മേയ്, ജൂൺ മാസത്തെ ശമ്പളം പൂർണമായും കിട്ടിയിട്ടില്ല.
ജൂൈല മാസവും കഴിയുന്നതോടെ എന്നു പണം നൽകും എന്നുപറയാൻപോലും പറ്റാത്ത അവസ്ഥയിലാണ് ഫാം മാനേജ്മെന്റ്. തൊഴിലാളികളുടെ പി.എഫ് വിഹിതവും അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഒരു വർഷത്തിലധികമായി ആനുകൂല്യങ്ങൾ ഒന്നും നൽകിയിട്ടുമില്ല. ആദിവാസി തൊഴിലാളികൾക്ക് ഭക്ഷണം നൽകിയ വകയിൽ മാത്രം കോടികൾ കുടിശ്ശികയായി കിടക്കുന്നുമുണ്ട്. ഫാമിന്റെ ആവശ്യത്തിനുള്ള പണം ഫാമിൽനിന്നുതന്നെ കണ്ടെത്തണമെന്ന് ധനകാര്യവകുപ്പിൽനിന്നും പലതവണ നിർദേശം ഉണ്ടായെങ്കിലും ഇതിനായി നടത്തുന്ന പ്രവർത്തനങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 25ഓളം വരുന്ന ജീവനക്കാർക്കും 400ഓളം വരുന്ന തൊഴിലാളികൾക്കും ഒരു മാസത്തെ ശമ്പളം മാത്രം അനുവദിക്കണമെങ്കിൽ 70 ലക്ഷത്തോളം രൂപ വേണം.
കാട്ടാനകളും കുരങ്ങുകൾ അടക്കമുള്ള വന്യമൃഗങ്ങളും ഫാമിനെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.