ചുങ്കക്കുന്ന് റേഷൻ കടയിൽ അരിക്കുപകരം അറക്കെപ്പാടി
text_fieldsകേളകം: ചുങ്കക്കുന്നിലെ റേഷൻ കടയിൽ സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. അരിക്കുപകരം കണ്ടെടുത്തത് 17 ചാക്ക് അറക്കപ്പൊടി. അരിച്ചാക്കുകൾക്ക് ഇടയിലായി അറക്കപ്പൊടി നിറച്ച ചാക്കുകളും അടുക്കിയ നിലയിലായിരുന്നു.
നേരത്തെ ക്രമക്കേട് കണ്ടെത്തി ലൈസൻസ് സസ്പെൻഡ് ചെയ്ത റേഷൻകടയിൽ നടത്തിയ തുടർ പരിശോധനയിലാണ് അറക്കപ്പൊടി കണ്ടെത്തിയത്. കൊട്ടിയൂർ പഞ്ചായത്ത് ചുങ്കക്കുന്നിലെ 81ാം നമ്പർ റേഷൻ കടയിലാണ് സംഭവം. ആകെ 38.5 ക്വിൻറലിെൻറ കുറവ് കണ്ടെത്തി. 28 ക്വിൻറൽ അരി, ഏഴു ക്വിൻറൽ ഗോതമ്പ്, 3.5 ക്വിൻറൽ ആട്ട എന്നിങ്ങനെ ഭക്ഷ്യോൽപന്നങ്ങളുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
15ന് താലൂക്ക് സിവിൽ സെപ്ലെസ് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ റേഷൻ കടയിൽ ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്ന് നടത്തിപ്പുകാരനായ എം.കെ. സന്ദീപിെൻറ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അമ്പായത്തോട്ടിലെ റേഷൻകടയുടമ കെ. ധനേന്ദ്രനെ ചുമതലയേല്പിച്ചു.
ശനിയാഴ്ച രാവിലെ ഇയാൾ കണക്കെടുപ്പ് നടത്തുന്നതിനിടെ സംശയം തോന്നി ഇരിട്ടി താലൂക്ക് സെപ്ലെ ഓഫിസറെ വിവരമറിയിച്ചു. ചുമട്ടുതൊഴിലാളികളുടെ സഹായത്താൽ നടത്തിയ പരിശോധനയിലാണ് അറക്കപ്പൊടി നിറച്ച ചാക്കുകൾ കണ്ടെത്തിയത്. രണ്ടു മുറികളിലായാണ് അറക്കപ്പൊടി ചാക്കുകൾ കണ്ടെത്തിയത്.
കുറ്റക്കാരനെതിരെ അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കാൻ കലക്ടറോട് ശിപാർശ ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ജോസഫ് ജോർജ് അറിയിച്ചു. താലൂക്ക് സപ്ലൈ അസി. ഓഫിസര്‍ വി.ജെ. ജോസഫ്, റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ പി.കെ. വിജേഷ്, വി.ടി. വിജേഷ്, എം. ഷിനോജ്, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
ഈ കടയുടെ അരികിലായി ചെറിയൊരു ഗോഡൗണും കണ്ടെത്തി. ഇവിടെ ചാക്കിൽ നിറച്ച നിലയിൽ അറക്കപ്പൊടിയും കണ്ടെടുത്തു. അളവിൽ വ്യത്യാസമുള്ള അത്രയും അറക്കപ്പൊടി ഇവിടെ നിന്നാണ് റേഷൻ കടക്കുള്ളിലേക്ക് മാറ്റിയിരുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.