പരിശോധിക്കാനാളില്ല: കൃഷിയിടങ്ങളിൽ നിരോധിത കീടനാശിനി വ്യാപകം
text_fieldsകേളകം: അതിർത്തി കടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകമാകുന്നു. നിരോധിത കീടനാശിനികൾ വ്യാപകമായി തുടരുമ്പോഴും ഇവ ഉപയോഗിക്കുന്ന തോട്ടങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ട കൃഷി വകുപ്പ് നിസ്സംഗത തുടരുകയാണ്. ഫ്യൂറഡാൻ, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി മാരക ശേഷിയുള്ള കീടനാശിനികൾ മണ്ണ് നശിപ്പിക്കുകയും കാൻസറിനും മറ്റു രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നതായി ആരോഗ്യ പഠന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്തരിലുള്ള കീടനാശിനികളൂടെ ഉപയോഗം കേരളത്തിൽ നിരോധിച്ചത്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് അതിർത്തി കടന്ന് നിരോധിത കീടനാശിനികൾ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെത്തുന്നത്. കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് നിരോധിത കീടനാശിനികൾ തമിഴ്നാട് -ഗൂഡലുർ അതിർത്തി കടന്നും കർണാടകയിൽ നിന്ന് കാസർകോട്, കുട്ട വഴിയുമാണ് എത്തുന്നത്. ആവശ്യക്കാർക്ക് ഇവ എത്തിക്കുന്നതിന് ഏജന്റ്മാരും പ്രവർത്തിക്കുന്നുണ്ട്. വാഴ, പച്ചക്കറി കർഷകരാണ് നിരോധിത കീടനാശിനികളായ ഫ്യൂറഡാൻ, ഫോറേറ്റ്, പാരക്വാറ്റ് കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നത്. നേന്ത്ര വാഴക്ക് മികച്ച വിളവ് ലഭിക്കുന്നതിനും വേര് ചിയൽ, തണ്ട് ചീയൽ തടയുന്നതിനും അനിയന്ത്രിതമായ അളവിലാണ് ഫ്യൂറഡാൻ, ഫോറേറ്റ്, പാരക്വാറ്റും തോട്ടങ്ങളിൽ ഉപയോഗിക്കുന്നത്.
കുരുമുളക്, പച്ചക്കറി തോട്ടങ്ങളിലും വ്യാപകമായി നിരോധിത കീടനാശിനികൾ പ്രയോഗം തുടരുന്നുണ്ട്. ഇവ യാതൊരു സുരക്ഷയുമില്ലാതെ ഉപയോഗിക്കുന്ന കർഷകരിലും തൊഴിലാളികളിലും ഉൽപാദിപ്പിക്കുന്ന വിളകൾ ഭക്ഷിക്കുന്നവരിലും കാൻസർ ഉൾപ്പെടെ രോഗങ്ങൾ പെരുകുന്നതായും റിപ്പോർട്ടുണ്ട്. മണ്ണിന്റെ ഘടന നശിപ്പിക്കുകയും മാരക പ്രഹരശേഷിയുമുള്ള റൗണ്ട് കളനാശിനിയായാണ് കൃഷിയിടങ്ങളിൽ വ്യാപകമായി തളിക്കുന്നത്. നിരോധിതമെന്ന് അറിയാതെ ഉപയോഗിക്കുന്ന കർഷകരുമുണ്ട്. നിരവധി പേരെ മാരക രോഗികളാക്കിയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം തടയാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സഘടനകളൂടെ ആവശ്യം. ഫ്യൂറഡാൻ, ഫോറേറ്റ് , പാരക്വാറ്റ് എന്നിവ ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ കാൻസർ ഉൾപ്പെടെ രോഗികൾ പെരുകുന്നതായി ആരോഗ്യ രംഗത്തെ പ്രമുഖരും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.