നൊമ്പരക്കടലിൽ യാത്രാമൊഴി
text_fieldsകേളകം: ആറളം ഫാമിൽ പത്താം ബ്ലോക്കിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ചവിട്ടിക്കൊന്ന യുവാവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വിട്ടുപറമ്പിൽ സംസ്കരിച്ചു. വൻ പൊലീസ് സുരക്ഷയോടെയാണ് സംസ്കാര ചടങ്ങ് നടത്തിയത്. സംസ്കാര ചടങ്ങിനിടയിൽ നേരിയ സംഘർഷമുടലെടുത്തു.
ഫാം പത്താം ബ്ലോക്കിലെ രഘു കണ്ണനാണ്(43) വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിനു സമീപം വിറക് ശേഖരിക്കുമ്പോൾ കാട്ടാന കുത്തിക്കൊന്നത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം വൻ പൊലീസ് അകമ്പടിയോടെ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്.
വഴിയിൽ മൃതദേഹം തടഞ്ഞ് പ്രതിഷേധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത മുന്നൊരുക്കത്തോടെയാണ് പൊലീസ് മൃതദേഹ പരിശോധനക്ക് ശേഷമുള്ള നടപടികൾ നിയന്ത്രിച്ചത് . മൃതദേഹവുമായി വരുന്ന റൂട്ട് പോലും പൊലീസ് രഹസ്യമാക്കി സൂക്ഷിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനേയും മഫ്തിയിലും നിയോഗിച്ച് സുരക്ഷ ക്രമീകരണങ്ങൾ നടത്തി.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മേഖലയിലെ താമസക്കാരായ നൂറുകണക്കിനാളുകളും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക മേഖലയിൽ നിന്നുള്ളവരും അന്ത്യോപചാരം അർപ്പിച്ചു. അഡ്വ. സണ്ണിജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, തുടങ്ങി ജനപ്രതിനിധികൾക്കൊപ്പം നിരവധി പേർ എത്തിയിരുന്നു.
‘ആറളം ഫാമിൽ സർക്കാർ നടത്തിയ കൊല’
കണ്ണൂർ: ആറളം ഫാമിൽ നടന്നത് കാട്ടാന ആക്രമണമല്ല, സർക്കാർ നടത്തിയ കൊലപാതകമാണെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ.
ഫാമിൽ രഘുവിന്റെ മരണത്തോടെ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 14 ജീവനുകളാണ്. മൂന്നു മാസങ്ങൾക്കു മുമ്പ് വാസു എന്ന ചെറുപ്പക്കാരനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ആനമതിൽ നിർമിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുകയുണ്ടായി. വാഗ്ദാനങ്ങൾ സാധാരണ പോലെ കടലാസിലൊതുങ്ങിയപ്പോൾ നഷ്ടമായത് ഒരു കുടുംബനാഥനെ കൂടിയാണ്. ഫാമിൽ ജീവിക്കുന്നവരോട് സർക്കാർ കാണിക്കുന്ന ക്രുരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ സൂചിപ്പിച്ചു.
രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും
തിരുവനന്തപുരം: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. രഘുവിന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. രഘുവിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു.
മക്കളുടെ നിലവിളി ഈറനണിയിച്ചു
മരിച്ച രഘുവിന്റെ മൂന്നു മക്കളേയും അവസാനമായി അന്ത്യോപചാരമർപ്പിക്കാനായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ നിലവിളിയായിരുന്നു. കണ്ണും പൊത്തിയുള്ള മക്കളുടെ നിലവിളി കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.