അമ്പായത്തോട്- മട്ടന്നൂർ നാലുവരിപ്പാത; സാമൂഹികാഘാത പഠനം തുടങ്ങി
text_fieldsകേളകം: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാത പഠനം ആരംഭിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.കെ. കൺസൽട്ടൻസിയാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.
2013ലെ കേന്ദ്ര നിയമ പ്രകാരം നടത്തുന്ന പഠനത്തിന്റെ ഭാഗമായി സ്ഥലത്തെത്തുന്ന സംഘം സർവേ നടത്തിയ പ്രദേശങ്ങൾ നേരിൽ കണ്ട് പരിശോധിക്കും. തുടർന്ന് റോഡിനായി ഭൂമിയും വീടും കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കും. അടുത്ത ഘട്ടത്തിൽ ഭൂമി വിട്ടു കൊടുക്കുന്നതിലുടെ ഓരോ കൈവശക്കാരനുമുണ്ടാകുന്ന ആഘാതം എത്രയെന്ന് തിട്ടപ്പെടുത്തും. ഇതു സംബന്ധിച്ച് കരട് റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും അടുത്ത ഘട്ടത്തിലെ നടപടികൾ തുടങ്ങുന്നത്. തയാറാക്കുന്ന കരട് റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും.
അതിൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപവത്കരണവും നടത്തി വിവിധ വകുപ്പുകൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം വിളിച്ചുചേർത്ത് അന്തിമ അഭിപ്രായ രൂപവത്കരണവും നടത്തും.
കൺസൽട്ടൻസി ചെയർമാൻ വി.കെ. ബാലൻ, റോഡ് ഫണ്ട് ബോർഡ് ഓവർസിയർ കെ. ഡിജേഷ്, ലാൻഡ് അക്വസിഷൻ റവന്യൂ ഇൻസ്പെക്ടർ എം.ജെ. ഷിജോ, എ.ആർ. അഫ്സൽ, റിട്ടയേഡ് തഹസിൽദാർ പി. രാധാകൃഷ്ണൻ, ടി. ബാബുരാജ്, റിട്ട. സർവേ ഡയറക്ടർ പി.കെ. ചന്ദ്രഭാനു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.