കൈലാസംപടിയിലെ സോയിൽ പൈപ്പിങ് പ്രതിഭാസം; വിദഗ്ധ സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു
text_fieldsകേളകം: ശാന്തിഗിരി -കൈലാസംപടിയിലെ സോയിൽ പൈപ്പിങ് പ്രതിഭാസം സംബന്ധിച്ച് പഠിക്കുന്നതിനു വിദഗ്ധ സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
സെസിലെ ശാസ്ത്രജ്ഞൻ സുരേഷിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് റെസിസ്റ്റിവിറ്റി മീറ്റർ ഉപയോഗിച്ച് ഭൂമിക്കടിയിൽ വിള്ളലുകൾ എത്രത്തോളമുണ്ട്, വിള്ളലുകൾ രൂപപ്പെടാൻ കാരണമെന്ത് തുടങ്ങിയവ കണ്ടുപിടിക്കുന്നതിനുള്ള സർവേ വെള്ളിയാഴ്ചയും തുടർന്നു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിർമിച്ച ഉപകരണം ഉപയോഗിച്ച് നൂറ് മീറ്റർ ആഴത്തിൽ വരെയുള്ള വിള്ളലുകൾ കണ്ടെത്താനാകും.
തുടർന്ന് വിദഗ്ധ സംഘം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഏത് തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങളാണ് വേണ്ടതെന്നും പ്രശ്നത്തിന് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും തീരുമാനിക്കുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്കുള്ള സമഗ്രമായ പുനരധിവാസ പദ്ധതിയും പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും തയാറാക്കി സംസ്ഥാന സർക്കാറിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അറിയിച്ചു.
സംസ്ഥാന ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉപദേശക സമിതി ചെയർമാൻ സി. മുരളീധരന്റെ നേതൃത്വത്തിൽ ഉപദേശക സമിതി അംഗങ്ങളായ ജി. ശങ്കർ, ഡോ. ഡി. നന്ദകുമാർ, ഡോ. സജികുമാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, സെസിലെ ശാസ്ത്രജ്ഞൻ സുരേഷ്, ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് എസ്. ഐശ്വര്യ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.