ഏറുമാടങ്ങളിൽ കാവലിരുന്ന് മണ്ണിൽ പൊന്നുവിളയിച്ച് കർഷകർ
text_fieldsകേളകം: പുരാതനകാലത്ത് വന്യജീവികളിൽനിന്ന് രക്ഷതേടി മനുഷ്യർ ഏറുമാടങ്ങളിൽ താമസിച്ചിരുന്നു. ഇന്ന് കൃഷിയിടം ൈകയടക്കിയ കാട്ടുജീവികളിൽ നിന്നും തങ്ങളുടെ വിളകളെ സംരക്ഷിക്കുന്നതിന് കാവൽ കിടക്കാൻ വന്മരങ്ങളിൽ ഏറുമാടങ്ങളിൽ രാപാർക്കുകയാണ് കാടിെൻറ മക്കൾ.
ആറളം ഫാം പുനരധിവാസ മേഖല ബ്ലോക്ക് ഏഴിൽ വയനാട് ജില്ലക്കാർക്ക് പതിച്ചുനൽകിയ, കാട്ടാനകളുടെ താവളത്തിലാണ് സാഹസികമായി വന്യജീവി ശല്യത്തെ അതിജീവിച്ച് മണ്ണിൽ പൊന്നുവിളയിച്ച് ആദിവാസി സോദരർ വിജയഭേരി മുഴക്കുന്നത്.
വന്മരങ്ങൾക്ക് മീതെ നിർമിച്ച ഏറുമാടങ്ങളിൽ രാപകൽ കാവൽ കിടന്ന് വന്യജീവികൾ കടക്കാതെ പുനരധിവാസ മേഖലയിൽ കൃഷി ചെയ്ത് മണ്ണിൽ പൊന്നുവിളയിച്ച് ആറളത്തെ കർഷകർ മാതൃകയാവുകയാണ്. വിത്തുവിതച്ചതുമുതൽ കാവലിരുന്ന് വിളഞ്ഞ കതിരണിഞ്ഞ കരനെൽ കൃഷിയിൽ കൊയ്ത്തിന് പാകമായപ്പോൾ ഉയരുന്നത് അതിജീവനത്തിെൻറ വിജയഗാഥയാണ്.
ഇഞ്ചിയും മഞ്ഞളും പച്ചക്കറികളും ഉൾപ്പെടെ ഫാമിലെ മുൻ പ്രമോട്ടറായ ബാലൻ, പുഷ്പ, സുനിത എന്നിവരുടെ നേതൃത്വത്തിൽ 20 അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പാണ് ഇവിടെ കൃഷി ചെയ്തത്. കാടുമൂടിക്കിടന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാൻ സാധിക്കാതെ വന്നപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നിലമൊരുക്കിയത്.
വാഹന സൗകര്യം കുറഞ്ഞ സ്ഥലത്തേക്ക് വിത്തും വളവും മറ്റ് നടീൽവസ്തുക്കളും എത്തിച്ചുനൽകിയത് വനം വകുപ്പും കാർഷിക കർമസേനയുമാണ്.
കാട്ടാനകളുടെ ആക്രമണം തടയാൻ ഏറുമാടം കെട്ടി കാവലിരുന്നാണ് ഇവർ കൃഷി സംരക്ഷിച്ചുപോന്നത്. എന്നാലും മാൻ, മലാൻ തുടങ്ങിയ വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശം കുറച്ചുണ്ടായിട്ടുണ്ട്. അടുത്തുള്ള പട്ടണമായ കീഴ്പ്പള്ളി, കൃഷി ഓഫിസ് എന്നിവിടങ്ങളിലേക്കൊക്കെ എത്തിച്ചേരുന്നതിന് ഇവർക്ക് കിലോമീറ്ററോളം ദുർഘടമായ പാതയിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു.
ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കൃഷിക്കാവശ്യമായ എല്ലാ സാധനങ്ങളും കൃഷിഭവെൻറ നേതൃത്വത്തിൽ അവിടെ എത്തിച്ചുനൽകി. വന്യമൃഗങ്ങളുടെ താവളമായ പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിനെ തുടക്കത്തിൽ പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തെങ്കിലും നൂറുമേനി വിളവുമായി തലയുയർത്തി നിൽക്കുകയാണ് ബാലേട്ടനും കൂട്ടരും.
ഇവരുടെ ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനംകൊണ്ട് മികച്ച വിളവ് ഉണ്ടാക്കിയെടുത്തപ്പോൾ അതിെൻറ ഭാഗമായി മാറാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണ് ആറളത്തെ കൃഷി അസിസ്റ്റൻറ് സി.കെ. സുമേഷ്. ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും ആറളം ഫാം വാർഡ് മെംബറും കൂടിയായ കെ. വേലായുധൻ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ ഗിരീഷ് കുമാർ, പ്രമോട്ടർമാർ എന്നിവരുടെ പൂർണ സഹകരണവും ഇവിടത്തെ കൃഷി വിജയിപ്പിച്ചെടുക്കുന്നതിൽ നിർണായക ഘടകമായിട്ടുെണ്ടന്നും വിജയക്കൊയ്ത്ത് നടത്തിയ കർഷകർ നന്ദിയോടെ സ്മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.