അറ്റകുറ്റപ്പണി നടത്തിയയുടൻ തകർന്ന പാൽചുരം പാത ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു
text_fieldsകേളകം: അറ്റകുറ്റപ്പണി നടത്തി ഒരാഴ്ചക്കകം തകർന്ന കൊട്ടിയൂർ - പാൽചുരം -വയനാട് ചുരം പാത പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. 69 ലക്ഷം രൂപ ചെലവിട്ട് നവീകരണം നടത്തിയ പാതയാണ് ദിവസങ്ങൾക്കകം തകർന്നത്.
പൊതുമരാമത്ത് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കണ്ണൂർ പൊതുമരാമത്ത് ഗുണനിലവാര നിയന്ത്രണ വിഭാഗമാണ് പരിശോധന നടത്തിയത്. അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. പ്രവീൺ, അസി. എൻജിനീയർ സി.കെ. പ്രസന്ന, കണ്ണൂർ പൊതുമരാമത്ത് ഗുണനിലവാര നിയന്ത്രണം സബ് ഡിവിഷൻ ഉദ്യോഗസ്ഥ ടി.വി. രേഷ്മ, കേരള റോഡ് ബോർഡ് ഫണ്ട് അസി. എൻജിനീയർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അറ്റകുറ്റ പ്രവൃത്തി നടത്തിയ ബോയ്സ് ടൗൺ മുതൽ പാൽചുരം വരെയുള്ള ഭാഗം പരിശോധിച്ചു.
ടാറിങ് ഉറയ്ക്കുന്നതിനുമുമ്പ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോയതാകാം റോഡ് തകരാൻ ഇടയാക്കിയതെന്നും തകർന്ന സ്ഥലം വീണ്ടും ടാറിങ് നടത്താൻ കരാറുകാരനോട് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രാഥമിക പരിശോധന നടത്തിയശേഷം റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുമെന്നും കെ. പ്രവീൺ പറഞ്ഞു. റോഡിലെ മുഴുവൻ പ്രവൃത്തികളും തീർന്നതിനുശേഷം വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.