മലയോരത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു
text_fieldsകേളകം: മലയോരത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നു. കണിച്ചാർ, കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം ഫാം, മാലൂർ പ്രദേശങ്ങളിൽ നിന്നായി ദിനേന 1500 ഓളം രോഗികളാണ് വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ചികിത്സ തേടിയെത്തുന്നത്. പകർച്ചപ്പനിയെന്ന് സംശയിച്ച് ചികിത്സക്ക് ശ്രമിക്കാത്തവരും നിരവധിയാണ്. കൂടുതൽ രോഗികൾ ഒഴുകിയെത്തുന്നത് പേരാവൂർ താലൂക്ക് ആശുപത്രിയിലാണ്. ദിനേന അഞ്ഞൂറോളം രോഗികൾ പനി ചികിത്സക്കായി എത്തുന്നതായി താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുമുണ്ട്. തലശ്ശേരി, ഇരിട്ടി, മാനന്തവാടി സർക്കാർ ആശുപത്രികളിലും വിവിധ സ്വകാര്യ ആശുപത്രികളിലും പനി ബാധിതർ കൂട്ടത്തോടെ വരുന്നുണ്ട്. പേരാവൂർ താലൂക്കാശുപ്രതിയിൽ പ്രതിദിനം വരുന്ന രോഗികളുടെ എണ്ണം ഇരട്ടിയായി. ഇവിടെയെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ല ആശുപത്രികളിൽ ഉള്‍പ്പെടെ ആരോഗ്യ സ്ഥാപനങ്ങളില്‍ പനി ബാധിച്ച് എത്തിയവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ഒ.പികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ് മലയോരത്തുള്ളത്. പേരാവൂർ, ഇരിട്ടി താലൂക്ക് ആശുപത്രികളിലെയും വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും സ്ഥിതിയും ഇതാണ്. സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് എത്തിയവരുടെ എണ്ണം വര്‍ധിക്കുകയാണ്. പേരാവൂർ, കേളകം, ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പനിബാധിതരുടെ തിരക്കാണിപ്പോൾ.
കൃത്യമായി ചികിത്സ നേടാതിരുന്നാൽ ഗുരുതരമാകുകയും ചെയ്യാമെന്നതിനാൽ പനിബാധിച്ചാൽ എത്രയും വേഗം ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. പനി വ്യാപനത്തെ തുടർന്ന് പഞ്ചായത്ത് തലങ്ങളിൽ ശുചീകരണ പ്രവർത്തനം ശക്തമാക്കി. ഹരിതകർമസേനയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധ സേവകരുടെയും ആശവർക്കർമാരുടെയും സഹായത്തോടെയുമാണ് ശുചീകരണം. പനി വ്യാപനം തടയാൻ മലയോരത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടിയന്തിരമായി മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.