കാളികയത്തെ കുടിവെള്ളം കാത്ത് ആയിരങ്ങൾ; വിതരണ പൈപ്പ് സ്ഥാപിക്കലിന് ‘ഒച്ചുവേഗം’
text_fieldsകേളകം: കാളികയത്തെ കുടിവെള്ള പദ്ധതിയിൽ നിന്നും ജലം കാത്ത് കഴിയുന്നത് ആയിരങ്ങൾ. എന്നാൽ പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുന്നതിൽ ആശങ്ക തുടരുകയാണ്. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ പതിനായിരത്തിലധികം ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള വലിയ പദ്ധതിയായി വിഭാവനം ചെയ്ത കാളികയം കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുകയാണ്.
മലയോരത്ത് നടപ്പാക്കുന്ന ദേശീയ കുടിവള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ 90 ശതമാനവും പൂർത്തിയായിട്ട് കാലങ്ങളായെങ്കിലും സംഭരണികളിൽ നിന്നുള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികളാണ് ഇഴയുന്നത്. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതി കാത്തിരിക്കുന്നത്.
ആദ്യഭാഗമായ കാളികയത്തെ കിണർ, അത്തിത്തട്ടിലെ ജല ശുദ്ധീകരണശാല എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായിട്ട് വർഷങ്ങളായി. രണ്ടാം ഭാഗമായ ശുദ്ധീകരണ ശാലയിലേക്കും അവിടെ നിന്നും മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുമുള്ള 4.8 കി.മി. പൈപ്പിടൽ ഭൂരിഭാഗവും പൂർത്തിയാക്കി.
മൂന്നാം ഭാഗത്തിൽ മഞ്ഞളാംപുറം, വെണ്ടേക്കുംചാൽ, മേമല എന്നിവിടങ്ങളിൽ ടാങ്ക് നിർമാണവും പിന്നിട്ടു. വീടുകളിലേക്ക് വിതരണ പൈപ്പ് ലൈനിന്റെ പ്രവൃത്തികൾ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്.
ഇതിൽ ആദ്യഘട്ടത്തിൽ 4500 ഓളം കണക്ഷനുകൾ നൽകുന്നതിനും, രണ്ടാമത് 5000 കണക്ഷനുകളും നൽകുന്നതിനുമായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പൂർത്തീകരണം വൈകിയത് ജലക്ഷാമം മൂലം ദുരിതപർവം താണ്ടുന്ന മലയോര ജനതക്ക് ആശ്വാസത്തിന് പകരം നിരാശയാണ് ഉണ്ടായത്.
മലയോരത്തെ പതിനായിരത്തോളം വീടുകളിൽ വെള്ളമെത്തിക്കാൻ 100 കോടി രൂപ ചെലവുവരുന്ന വലിയ പദ്ധതികളാണ് ജൽ ജീവൻ മിഷൻ വഴി നടപ്പാക്കുന്നത്.
13 മീറ്റർ ഉയരമുള്ള കിണർ പൂർത്തിയായി
ദിനേന 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 എച്ച്.പി പമ്പ്സെറ്റ് വഴി വെള്ളം ശുദ്ധീകരണ പ്ലാന്റിലെത്തിക്കും. ഓരോ ഘട്ടങ്ങളുടെ പ്രവൃത്തികളും സമാന്തരമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പൈപ്പിടൽ അനന്തമായി നീളുകയാണ്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് പഞ്ചായത്തുകളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. പദ്ധതി പൂർത്തിയാവുന്നതോടെ മലയോരത്തെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പദ്ധതി യാഥാർഥ്യമാവാൻ കാലതാമസം നേരിടുന്നതിൽ നിരാശയിലാണ് മലയോര ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.