കാട്ടാനക്കലിയിൽ അനാഥമായത് മൂന്നു കുഞ്ഞുങ്ങൾ
text_fieldsകേളകം: ആറളം ഫാമിൽ കൊലവിളിച്ച് അക്രമാസക്തനായ കാട്ടാനക്കൊമ്പിൽ രഘു പൊലിഞ്ഞപ്പോൾ അനാഥമായത് മൂന്നു കുഞ്ഞുങ്ങൾ. ഏഴു വർഷം മുമ്പ് അമ്മ നഷ്ടപ്പെട്ട രഹിനയും രഞ് ജിനിയും വിഷ്ണുവും അച്ഛന്റെ മരണത്തോടെ അനാഥരായി. ഇവരുടെ കണ്ണുനീർ ആരുടെയും കരളലിയിക്കും.
സുഹൃത്തിനോടൊപ്പം വിറക് ശേഖരിക്കാൻ പോയ ഫാം ബ്ലോക്ക് പത്തിലെ രഘുവിനെ വീടിന്റെ വിളിപ്പാടകലെ വെച്ചാണ് കാട്ടാന ആക്രമിച്ച് വക വരുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
എട്ടു വർഷത്തിനുള്ളിൽ ഇത്തരത്തിൽ ചവിട്ടിയരക്കപ്പെട്ടത് 14 ജീവനുകളാണ്. ഒടുവിലായി രഘുവും. കഴിഞ്ഞ സെപ്റ്റംബർ അവസാനം ഫാം ഒമ്പതാം ബ്ലോക്കിലെ വാസുവെന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ വനം വകുപ്പിനും സർക്കാറിനുമെതിരെ ആറളം ഫാമിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് മന്ത്രിതല സംഘവും, ജില്ല കലക്ടറും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനും ഫാം അതിർത്തിയിൽ ആന മതിൽ സമയബന്ധിതമായി നിർമിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും നടന്ന ഉന്നതതല യോഗ തീരുമാനങ്ങളും ചുവപ്പ് നാടയിൽ പെട്ടതിന്റെ ബാക്കിപത്രം കൂടിയാണ് ആറളത്തെ തുടരുന്ന കാട്ടാനക്കൊലകൾ.
കഴിഞ്ഞ കൊല്ലം ജൂലൈ 14ന് ഫാം ഏഴാം ബ്ലോക്കിൽ താമസക്കാരനായ പുതുശേരി ദാമുവു(46) ആനയുടെ ചവിട്ടേറ്റാണ് മരിച്ചത്. വിറക് ശേഖരിക്കുന്നതിനിടയിൽ പിന്നിൽ നിന്നെത്തിയ ആന തുമ്പിക്കൊക്കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം തലക്ക് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി ഈ വർഷങ്ങൾക്കിടയിൽ ആറളം ഫാം മാറി. കൃത്യമായ കണക്കില്ലെങ്കിലും അമ്പതോളം ആനകൾ ഫാം അധീന മേഖലയിലും, ആദിവാസി പുനരധിവാസ മേഖലയിലും ഉണ്ടെന്നാണ് ഇവിടത്തെ ജനങ്ങൾ പറയുന്നത്.
വർഷം കഴിയുന്തോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇവിടങ്ങളിൽ നിന്നും ആറളം, മുഴക്കുന്ന്, പേരാവൂർ, ഇരിട്ടി പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യ സംഭവമായി മാറി. എന്നാൽ മൂവായിരത്തിയഞ്ഞൂറ് ആദിവാസികളെ ആറളം ഫാമിൽ പുനരധിവസിപ്പിച്ചതല്ലാതെ അവർക്ക് വന്യജീവികളിൽ നിന്നും സുരക്ഷയൊരുക്കാൻ സർക്കാറുകൾക്കായില്ല.
അതിന്റെ ഫലമായി കാട്ടാനക്കൊമ്പുകളിൽ ആദിവാസി ജീവനുകൾ പൊലിഞ്ഞു തീരുന്നു. 2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്. തുടർന്ന് 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്ത്തി. ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത് 2017ലാണ്. അഞ്ചു പേരെയാണ് കാട്ടാന ആ വർഷം ആക്രമിച്ച് കൊല്ലുന്നത്.
ജനുവരി പത്തിനു നരിക്കടവിലെ അഞ്ചാനിക്കൽ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിനു ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വെച്ച് റജി എന്നിവരും ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു.
18 ഒക്ടോബർ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന് ആദിവാസിയായ കുഷ്ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ്(ബബീഷ്) വീട്ടിലേക്കുള്ള യാത്രക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.
ആറളം ഫാമിലെ കാട്ടാനയാക്രമണത്തിന്റെ പതിനൊന്നാമത് ഇരയായിരുന്നു കഴിഞ്ഞ വർഷം ജനുവരി 31ന് കൊല്ലപ്പെട്ട ചെത്ത് തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ്. രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് റിജേഷിനെ ചവിട്ടിക്കൊന്നത്. ഇപ്പോൾ ആറളം ഫാമിലെ കാട്ടാന ആക്രമണത്തിന്റെ പതിനാലാമത്തെ ഇരയായി രഘു മാറി.
കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചിരുന്നു. കൂടാതെ 2021 സെപ്റ്റംബർ 26ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവമായിരുന്നു.
അക്രമകാരികളായ കാട്ടാനകളെ നിരീക്ഷിച്ച് പിടികൂടും: വനം മന്ത്രി
കേളകം: ആറളം ഫാമിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടാനകളെ നിരീക്ഷിച്ചു പിടികൂടി വനത്തിലേക്ക് വിടുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.